അശോക് ലൈലാന്റ്

അശോക് ലൈലാന്റ് ചെയ്സിസ് വാങ്ങി പലരും ബോഡി കെട്ടി ആ ബസിന് അവരുടെ മക്കളുടെ പേരിടുന്നത് കാണാറുണ്ടല്ലൊ നമ്മൾ. പക്ഷെ എല്ലാ ബസിനും മുൻപിൽ "ASHOK LEYLAND" എന്നും കാണും ഇവരുടെ എന്ജിൻ ആണെങ്കിൽ.
പക്ഷെ ആരാണ് ഈ 'അശോക്' എന്ന് ഇതുവരെ ആരും അന്വേഷിക്കുന്നത് കണ്ടിട്ടില്ലാ. എന്നാൽ അതും ഒരു അച്ഛനു മകനോടുളള സ്നേഹം കൊണ്ട് ഉണ്ടായ പേരാണ്. പഞ്ചാബുകാരനായ പഴയ ഒരു സ്വാതന്ത്ര്യ സമര  സേനാനിയാണ് രഘുനന്ദൻ ശരൺ. അദ്ദേഹമാണ് 1948-ൽ അശോക് മോട്ടോഴ്സ് ആരംഭിച്ചത്. അദ്ദേഹത്തിന്റ്റെ മകനാണ് അശോക് ശരൺ. അങ്ങനെയാണ് അശോക് മോട്ടോഴ്സ് എന്ന പേരു വന്നത് ഇതിന്.
1954-ൽ ഇംഗ്ലണ്ടിൽ നിന്നുളള ലൈലാന്റ് എന്ന മോട്ടോർ കമ്പനിയുമായി അശോക് മോട്ടോഴ്സ് ലയിച്ചു. അങ്ങനെ "അശോക് ലൈലാന്റ്" എന്ന പകരം വെക്കാനില്ലാത്ത ബസ്,ട്രക്ക് കമ്പനി ചെന്നൈ ആസ്ഥാനമായി വളർന്നു തുടങ്ങി.
ടാറ്റ പോലുളള മറ്റു ബസുകളിൽ കയറുമ്പോൾ മാത്രമല്ലാ, നമ്മുടെ പട്ടാളക്കാരു ഉപയോഗിക്കുന്ന ലൈലാന്റ് ട്രക്കുകളുടെ പ്രകടനം കാണുമ്പോഴും തോന്നിയിട്ടുണ്ട് "അശോക് ലൈലാന്റ്" ആണ് എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ കണ്ടുപിടുത്തം എന്ന്. ആ ശബ്ദം കേൾകുമ്പോൾ തന്നെ അറിയാം കാലു കൊടുത്താൽ പറന്നോളുമെന്ന് ബസ്. ഓരോ ഗിയറിനും കൃത്യമായി തിരിച്ചറിയാവുന്ന ശബ്ദമാണ്. "അശോക്" എന്ന പേരു തലമുറകൾ ഏറ്റു പറയുമെന്ന് ഉറപ്പാണ്. അതാകും വിമാനപകടത്തിൽ മരിച്ച ആ അച്ഛനും അങ്ങു മുകളിൽ ഇരിക്കുമ്പോൾ ഏറ്റവും വലിയ സന്തോഷം.


മാക്സി

 കാലവര്‍ഷത്തെ മഴ ആയിരിക്കണം പടച്ചവന്‍ ഇക്കുറി നേരത്തെ വേനല്‍ കാലത്ത് തന്നെ തന്നത്...ഞായറാഴ്ച ആയതു കൊണ്ടും ചെറുങ്ങനെ മഴ പെയ്യുന്നത് കൊണ്ടും എങ്ങോട്ടും പോകാതെ വീടിന്‍റെ സിറ്റ് ഔട്ടില്‍ ഇരുന്നു ഞാറാഴ്ച സപ്പ്ലിമെന്റും വായിച്ചു കൊണ്ടിരിക്കുമ്പോഴാണ് “ഇക്കാ മാക്സി വേണോ” എന്ന ശബ്ദം കേട്ടത്...പത്രത്തില്‍ നിന്നും കണ്ണ് മാറ്റി കൊണ്ട് ശബ്ദത്തിന്‍റെ ഉടമയെ നോക്കിയപ്പോള്‍ 15 വയസ്സ് പ്രായം  തോന്നിക്കുന്ന ഈര്‍ക്കിലി പോലത്തെ ഒരു ആണ്‍കുട്ടി...
അവന്‍റെ പ്രായത്തില്‍  താങ്ങാന്‍ ആകാത്ത ഒരു വലിയ ഒരു ബാഗ്‌ അവന്‍റെ തോളില്‍ നിന്നും അവന്‍ താഴെ വെച്ചു.. കയ്യിലെ തോര്‍ത്ത് മുണ്ട് കൊണ്ട് മഴയില്‍ നനഞ്ഞ മുഖം അവന്‍ തുടച്ചു...
ഞാന്‍ ഉമ്മാനോട് ഉറക്കെ വിളിച്ച് ചോദിച്ചു...
“ഉമ്മാ മാക്സി വേണോ?”
ഉമ്മ അകത്തു നിന്നും മറുപടി തന്നു
“വേണ്ടെന്നു പറഞ്ഞേക്ക് ഫൈസി”...
അവനും കേട്ടിരുന്നു ഉമ്മയുടെ മറുപടി. വല്ലാത്ത നിരാശയോടെ തോളില്‍ നിന്നും ഇറക്കി വെച്ച ആ വലിയ ബാഗ് വീണ്ടും അവന്‍ തോളില്‍ വച്ചു തിരിഞ്ഞു നടക്കാന്‍ തുടങ്ങുമ്പോള്‍ എന്തോ എനിക്ക് അവനോട് അനുകമ്പ തോന്നി. അവന്‍റെ പ്രായത്തില്‍ ഞാന്‍ ഒക്കെ ക്രിക്കറ്റും ഫുട്ബോളും പാടത്തും പറമ്പിലും കളിച്ചു നടക്കുകയായിരുന്നു. ഇവനോ കളിച്ചും പഠിച്ചും നടക്കേണ്ട ഈ ഇളം പ്രായത്തില്‍ തോളില്‍ ജീവിത പ്രാരാബ്ധം ഏറ്റി നടക്കുന്നു...
ഞാന്‍ അവനോട് നില്‍ക്കാന്‍ പറഞ്ഞു കൊണ്ട് വീണ്ടും ഉമ്മാനെ വിളിച്ച് കൊണ്ട് പറഞ്ഞു...
“ഉമ്മ ഒരു ചെറിയ കുട്ടിയാണ്. ഒന്ന് വന്നു നോക്ക്”...
അപ്പോള്‍ ഉമ്മ പുറത്തേക്ക് വന്നു. ഉമ്മയുടെ വിളികേട്ട് മറ്റു പെണ്പടകളും
അവന്‍റെ കയ്യില്‍ കുഴപ്പമില്ലാത്ത സെലക്ഷന്‍ ഉണ്ടായിരുന്നത് കൊണ്ട് എല്ലാവരും കൂടി 2000 രൂപയുടെ മാക്സി എടുത്തു..
ഞാന്‍ അവനോട് ചോദിച്ചു..
“നിനക്ക് എത്ര കമ്മിഷന്‍ കിട്ടും?”
അവന്‍ പറഞ്ഞു
“1000 രൂപക്ക് 75 രൂപ കിട്ടും”
ഞാന്‍ വീണ്ടും ചോദിച്ചു..
“നീ പഠിക്കുന്നുണ്ടോ?”
അവന്‍..
“ഉണ്ട് 10 ക്ലാസ്സിലാണ്...
ഞാന്‍‍‍...
” പഠികേണ്ട ഈ സമയത്ത് നീ ഇതും വിറ്റ് നടന്നാല്‍ ജീവിതം പോകില്ലേ?”
അവന്‍..
”ഇല്ല ഇക്ക.. ഞായറാഴ്ചയും ഒഴിവുള്ള ദിവസവും മാത്രമേ ഞാന്‍ പോകാറുള്ളൂ.. പിന്നേ ക്ലാസ്സ്‌ കഴിഞ്ഞിട്ട് കുറച്ചു നേരവും. എന്നാലും ക്ലാസ്സില്‍ ഞാന്‍ ഫസ്റ്റ് ആണ് ഇക്കാ..പിന്നെ എനിക്കും ആഗ്രഹമുണ്ട് ഇക്കാ..കൂട്ടുകാരോട് കൂടി കളിക്കാനും ചിരിക്കാനുമോക്കെ..പക്ഷെ
ഞാന്‍ കളിയ്ക്കാന്‍ നടന്നാല്‍ എന്‍റെ ഉമ്മയും  പെങ്ങന്‍മാരും‍‍ പട്ടിണിയായും. എനിക്ക് പഠിക്കാനും വേണ്ടേ പണം..എല്ലാം ഇതില്‍ നിന്നും ഉണ്ടാക്കണം..
ഞാന്‍‍‍...
“അപ്പോള്‍ നിന്‍റെ ഉപ്പയോ?
അവന്‍...
“എനിക്ക് 12 വയസ്സുള്ളപ്പോള്‍ നാട് വിട്ടു പോയതാ...പിന്നെ ഒരറിവും ഇല്ല..
ഞാനും ഉമ്മയും പെങ്ങന്‍മാരും എന്നും കാത്തിരിക്കും ഉപ്പയുടെ വരവും കാത്ത്. പക്ഷെ ഇതു വരെ” ....
മുഴുമിക്കാനകാതെ അവന്‍റെ ശബ്ദം ഇടറി..
"പോകട്ടെ ഇക്കാ.."എന്ന് പറഞ്ഞു കൊണ്ട്  ഒരു ചെറു ചിരികുള്ളില്‍ ഒരു പൊട്ടി കരച്ചില്‍ ഒളിപിച്ചു കൊണ്ട് അവന്‍ ആ വലിയ മാക്സി ബാഗ്‌ വീണ്ടും എടുത്ത് തോളില്‍ വെച്ചു ചെറുതായി ചാറുന്ന ചെറു മഴയിലോട്ട് ഇറങ്ങി നടന്നു. ആ ചെറിയ വായില്‍ നിന്നും തൊണ്ട പൊട്ടുന്ന രീതിയില്‍ മാക്സി വേണോ മാക്സി എന്ന് വിളിച്ച് പറഞ്ഞു കൊണ്ട്...
 ഒരു മുഖ കുരു മുഖത്ത് വന്നാല്‍ പോലും  പടച്ചോനെ കുറ്റം പറയുന്ന നമ്മള്‍ പലപ്പോഴും മറന്നു പോകുന്നു...നമ്മള്‍ ഒക്കെ ഭാഗ്യവാന്‍മാര്‍‍‍ ആണെന്നു ചിലരുടെ അവസ്ഥ കേള്‍ക്കുമ്പോള്‍‍...
                                         
                              .....ഫൈസി പട്ടാമ്പി ..... 
                           Onlinekeralafriends    

ഒളിച്ചോടുന്ന കേരളം

യുവതികളുടെ ഒളിച്ചോട്ടം കേരളത്തില്‍ ദൈനംദിന വാര്‍ത്തയായി മാറുകയാണ്. വിദ്യാര്‍ഥിനിയായ പതിനാറുകാരിയും രണ്ടു മക്കളുടെ മാതാവായ മുപ്പത്തഞ്ചുകാരിയും അറിവു പകരേണ്ട അധ്യാപികയുമൊക്കെ ഒളിച്ചോടുകയാണ്. നൊന്തുപ്രസവിച്ച മാതാവിനെയും വര്‍ഷങ്ങളോളം താലോലിച്ചു വളര്‍ത്തിയ പിതാവിനെയും താങ്ങും തണലുമേകുന്ന ജീവിതപങ്കാളിയെയും കൂടപ്പിറപ്പുകളെയുമൊക്കെ ഉപേക്ഷിച്ചു ദിവസങ്ങളുടെ മാത്രം പരിചയമുള്ള അപരിചിതരുമായി ഇവര്‍ എങ്ങോട്ടാണ് ഒളിച്ചോടുന്നത്.
കുടുംബബന്ധങ്ങള്‍ പൊട്ടിച്ചെറിഞ്ഞ് ഒരു കുമിളയുടെ ആയുസുപോലുമില്ലാത്ത ഒളിച്ചോട്ടജീവിതം തെരഞ്ഞെടുക്കുന്നവര്‍ എന്തൊക്കെയാണു നഷ്ടപ്പെടുത്തുന്നത്. ആരെയൊക്കെയാണു കണ്ണീരു കുടിപ്പിക്കുന്നത്. ഒളിച്ചോടിയവരുടെ ദുരനുഭവങ്ങള്‍ നിരന്തരം വാര്‍ത്തയായിട്ടും എന്തുകൊണ്ടാണു വീണ്ടും വീണ്ടും പുതിയ ബലിയാടുകളുണ്ടാകുന്നത്...
അമ്മമനസ്സില്‍ തീ കോരിയിടുന്ന ഇത്തരം ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ല. ഇരകളെ വീഴ്ത്താന്‍ പുതിയപുതിയ വേഷങ്ങള്‍ രംഗത്തുവരികയാണ്. വീട്ടില്‍ കാര്‍ ഓടിക്കാന്‍ വരുന്ന ഡ്രൈവറും സ്ഥിരമായി കോളജിലേക്കു പോകുന്ന ബസിലെ കണ്ടക്ടറും പറമ്പ് അടിച്ചുവാരി വൃത്തിയാക്കാന്‍ വരുന്ന കൂലിവേലക്കാരനുമൊക്കെയായിരുന്നു വര്‍ഷങ്ങള്‍ക്കുമുമ്പ് ഒളിച്ചോട്ടക്കഥകളിലെ നായകര്‍. അവരൊക്കെ രംഗം വിട്ടു.
ഇപ്പോള്‍ ഫേസ് ബുക്ക് ഫ്രണ്ടും ജോലിസ്ഥലത്തെ മാന്യനായ സുഹൃത്തും വാട്‌സ് ആപ്പ് ഗ്രൂപ്പിലെ ചങ്ങാതിമാരുമൊക്കെയാണു പുതിയ നായകന്മാര്‍. ഉറ്റവരെയും ഉടയവരെയും ഉപേക്ഷിച്ച് ഇഷ്ടക്കാര്‍ക്കൊപ്പം ഒളിച്ചോടിയവരില്‍ പലരുടെയും ഗതിയെന്താണ്. പ്രണയക്കെണിയില്‍ അകപ്പെടുന്നവരുടെ ദുരിതജീവിതവും പോറ്റിവളര്‍ത്തിയവര്‍ അനുഭവിക്കുന്ന വേദനകളും വരച്ചുകാട്ടുന്ന പരമ്പര  


കോട്ടയം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണവിഭാഗം ഇക്കഴിഞ്ഞ ജൂലൈ നാലിനും പതിവു തിരക്കുകളിലേക്കാണ് ഉണര്‍ന്നത്. അകത്ത് അത്യാസന്നനിലയിലും അല്ലാതെയും കിടക്കുന്നവരുടെ സ്ഥിതിയറിയാന്‍ ബന്ധുക്കള്‍ തിക്കിത്തിരക്കി നില്‍ക്കുന്നു. അടച്ചിട്ട വാതില്‍ ഓരോ പ്രാവശ്യം തുറക്കുമ്പോഴും രോഗികളുടെ ബന്ധുക്കള്‍ ആകാംക്ഷയോടെ എത്തും. 
അതിനിടെ, വാതില്‍ പാതി തുറന്ന്, നഴ്‌സ് ഉറക്കെ വിളിച്ചുചോദിച്ചു: ‘ഇന്ദുലേഖ (യഥാര്‍ഥപേരല്ല)യുടെ ആരെങ്കിലുമുണ്ടോ.’ എല്ലാവരും പരസ്പരം നോക്കി. മറുപടി കിട്ടാത്തതിനാല്‍ നഴ്‌സ് ചോദ്യം ആവര്‍ത്തിച്ചു. തിരികെപ്പോയ നഴ്‌സ് ഡോക്ടറോടു പറഞ്ഞു: ”ഇതുവരെ ആരും എത്തിയിട്ടില്ല.”
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റാനായിരുന്നു ഡോക്ടറുടെ നിര്‍ദേശം. മോര്‍ച്ചറിയില്‍ ബന്ധുക്കളെക്കാത്തു മൃതദേഹം കിടന്നത് രണ്ടാഴ്ച. ആരാണ് ഇന്ദുലേഖയെന്നറിയാന്‍ പൊലിസിനുപോലും ദിവസങ്ങളെടുക്കേണ്ടിവന്നു.
ജൂണ്‍ 27നാണ് ഇന്ദുലേഖയെ അപസ്മാരം ബാധിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിരുവല്ലയില്‍ ഹോംനഴ്‌സായി ജോലിനോക്കിയ സ്ഥാപനത്തിന്റെ നടത്തിപ്പുകാരാണ് ആശുപത്രിയില്‍ കൊണ്ടുവന്നത്.
തിരുവല്ലയിലെ ഒരു വീട്ടില്‍ ജോലി നോക്കവെ കുഴഞ്ഞുവീണ ഇന്ദുലേഖയുടെ വായില്‍നിന്നു നുരയുംപതയും വരികയായിരുന്നു. വീട്ടുകാര്‍ സ്ഥാപനത്തിലേക്കു വിവരമറിയിച്ചു. അവരെത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇന്ദുലേഖ, വൈഫ് ഓഫ് …., മേലേത്ത് തൊടിയില്‍, വണ്ടിപ്പെരിയാര്‍. ഇതായിരുന്നു ആശുപത്രിയില്‍ നല്‍കിയ മേല്‍വിലാസം.
എന്നാല്‍, വണ്ടിപ്പെരിയാറില്‍ ഇൗ മേല്‍വിലാസത്തില്‍ ആരെയും കണ്ടെത്താന്‍ പൊലിസിനു കഴിഞ്ഞില്ല. അമിതമായി ഗുളിക ഉപയോഗിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചതെന്ന് ഇന്ദുലേഖയെ പരിശോധിച്ച ഡോക്ടര്‍ കേസ് ഡയറിയിലെഴുതിയിരുന്നു. ഇതിനെതുടര്‍ന്നാണു പോസ്റ്റ്‌മോര്‍ട്ടം തീരുമാനിച്ചത്.
പൊലിസ് തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഇന്ദുലേഖ എന്ന സുബൈദ (യഥാര്‍ഥ പേരല്ല)യെപ്പറ്റി അറിയുന്നത്. രണ്ടുവര്‍ഷം മുമ്പാണു സുബൈദ, വീട്ടുകാരുടെ എതിര്‍പ്പു വകവയ്ക്കാതെ തൊടുപുഴ വണ്ണപ്പുറം സ്വദേശിയായ ഹിന്ദുയുവാവിനെ വിവാഹം കഴിക്കുന്നത്. കൂലിപ്പണിക്കാരനായ യുവാവുമായി പ്രണയത്തിലായ സുബൈദ ഉറ്റവരെ ഉപേക്ഷിച്ച് ഇറങ്ങിപ്പുറപ്പെടുകയായിരുന്നു. സ്വന്തം സഹോദരിമാരുടെ ഭാവിപോലും ഓര്‍ക്കാതെയായിരുന്നു ഈ പുറപ്പാട്.
ഇതോടെ കുടുംബം അപമാനഭാരത്തിലായി. വര്‍ഷങ്ങളായി താമസിച്ചുവന്ന വണ്ടിപ്പെരിയാറിലെ വീട് ഉപേക്ഷിക്കേണ്ടിവന്നു. സുബൈദയുടെ മാതാപിതാക്കളും രണ്ടു സഹോദരിമാരുമുള്‍പ്പെടുന്ന കുടുംബം മാറിമാറി പലയിടങ്ങളില്‍ താമസിച്ചു. കൂലിപ്പണിക്കാരനായ ഭര്‍ത്താവിനൊപ്പം തൊടുപുഴയിലായിരുന്നു സുബൈദയുടെ താമസം. താന്‍ സ്വപ്നംകണ്ട ജീവിതത്തിലേക്കല്ല എത്തിപ്പെട്ടതെന്നു മനസ്സിലാക്കാന്‍ സുബൈദയ്ക്ക് അധികനാള്‍ വേണ്ടിവന്നില്ല.
നേരത്തേ സ്‌നേഹവാക്കുകള്‍ പറഞ്ഞു പിന്നാലെ നടന്നയാള്‍ മദ്യപിച്ചെത്തി ഉപദ്രവിക്കുന്നതു പതിവായി. ഉപദ്രവം സഹിക്കാതെ സുബൈദ തൊട്ടടുത്ത പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കി. പൊലിസ് രണ്ടുപേരെയും പലതവണ താക്കീതു നല്‍കി വിട്ടയച്ചെങ്കിലും കലഹം തുടര്‍ന്നുകൊണ്ടിരുന്നു. ഇതിനിടയില്‍ ഭര്‍ത്താവുമായുള്ള വഴക്ക് ഒത്തുതീര്‍പ്പാക്കാനെത്തിയ അയല്‍വാസിയായ ശ്രീനിവാസനുമായി (യഥാര്‍ഥ പേരല്ല) അവള്‍ അടുപ്പത്തിലായി. കൂടുതല്‍ മെച്ചപ്പെട്ട ജീവിതം സ്വപ്നംകണ്ട് ഇയാളുമൊത്തു നാടുവിട്ടു പന്തളത്ത് ശ്രീനിവാസന്റെ സഹോദരന്റെ വീടിനടുത്തു താമസമാക്കി.
സഹോദരന്‍ മുന്‍കൈയെടുത്തു ശ്രീനിവാസനെ ഗള്‍ഫിലേക്കു പറഞ്ഞുവിട്ടതോടെ സുബൈദ വീണ്ടും ഒറ്റക്കായി. തുടര്‍ന്നാണു തിരുവല്ലയിലെ ഹോംനഴ്‌സിങ് സ്ഥാപനത്തില്‍ ജോലിക്കെത്തുന്നത്. മേല്‍വിലാസം തെളിയിക്കാന്‍ രേഖകളില്ലാതിരുന്ന സുബൈദയെ ശ്രീനിവാസന്റെ സഹോദരന്‍ തന്റെ മേല്‍വിലാസം നല്‍കിയാണ് ഇവിടെ ജോലിക്കു നിര്‍ത്തിയത്. മറ്റൊരു സഹോദരന്‍ ബി.ജെ.പിയുടെ പ്രാദേശിക നേതാവാണ്. ശ്രീനിവാസന്റെ സഹോദരനും ഹോംനഴ്‌സിങ് സ്ഥാപനം നടത്തിപ്പുകാരുമാണു സുബൈദയെ ആശുപത്രിയിലെത്തിച്ചതെങ്കിലും മേല്‍വിലാസം നല്‍കിയതു വണ്ടിപ്പെരിയാറിലേതായിരുന്നു.
പൊലിസ് അന്വേഷണം നടത്തിയെങ്കിലും വണ്ടിപ്പെരിയാറില്‍ ആ മേല്‍വിലാസത്തില്‍ ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. ശ്രീനിവാസന്‍ സുബൈദയെ വിവാഹം കഴിച്ചതിനു രേഖകളൊന്നുമില്ലാത്തതുകൊണ്ടാണ് അയാളുടെ ബന്ധുക്കള്‍ ഒപ്പിട്ടുനല്‍കാമെന്നു പറഞ്ഞിട്ടും മേല്‍നടപടികള്‍ക്കു പൊലിസ് അനുമതി ലഭിക്കാതിരുന്നത്. തുടര്‍ന്നു നടന്ന അന്വേഷണത്തിലാണു സുബൈദയുടെ മാതാപിതാക്കള്‍ മുണ്ടക്കയത്തുണ്ടെന്നു വ്യക്തമായത്. അപ്പോഴേക്കും സുബൈദ മൃതശരീരമായി മോര്‍ച്ചറിയിലെത്തിയിട്ട് 13 ദിവസം കഴിഞ്ഞിരുന്നു.
പിതാവെത്തി ഒപ്പിട്ടു നല്‍കിയതോടെയാണു പൊലിസ് ഇന്‍ക്വസ്റ്റ് തയാറാക്കിയതും ജഡം പോസ്റ്റ്‌മോര്‍ട്ടത്തിനായി എടുത്തതും. പിന്നീടാണു കരളലയിക്കുന്ന രംഗങ്ങള്‍ അരങ്ങേറിയത്. 20 വര്‍ഷത്തിലേറെകാലം താലോലിച്ചു വളര്‍ത്തിയ പൊന്നുമോളെ എവിടെ മറവുചെയ്യുമെന്നോര്‍ത്ത് ആ പിതാവ് വിതുമ്പി, ഇനി ഒരു പിതാവിനും ഈ ദുര്‍ഗതി വരല്ലേയെന്നു നെഞ്ചുരുകി പ്രാര്‍ഥിച്ചു. ഇസ്‌ലാം മതം ഉപേക്ഷിച്ചു ഹിന്ദുമതം സ്വീകരിച്ച മകളെ നാട്ടിലേക്കു കൊണ്ടുപോകാന്‍ കഴിയില്ലായിരുന്നു. ഒടുവില്‍ ജഡം മുട്ടമ്പലം പൊതുശ്മശാനത്തില്‍ മറവ് ചെയ്തു.
ഇത് ഒരു സുബൈദയുടെ മാത്രം കഥയല്ല. സുബൈദമാര്‍ ഇനിയുമുണ്ട്. നൊന്തുപ്രസവിച്ച മാതാവിനെയും കഷ്ടപ്പെട്ടു പോറ്റിവളര്‍ത്തിയ പിതാവിനെയും ഒരുനിമിഷംകൊണ്ടു മറന്ന് ഇഷ്ടപ്പെടുന്നവരുടെ പിന്നാലെ ഇറങ്ങിപ്പോകുന്നവര്‍. കോടതിമുറിക്കുള്ളില്‍ നിന്നുകൊണ്ടു മാതാപിതാക്കളെ തള്ളിപ്പറഞ്ഞ്, കാമുകന്റെ കൂടെ പരസ്യമായി പോകുന്നവര്‍. തങ്ങള്‍ ഇറങ്ങിപ്പോന്നശേഷം മാതാപിതാക്കളുടെയും വീടിന്റെയും അവസ്ഥയെന്തെന്ന് ഇവര്‍ ചിന്തിക്കാറില്ല. തിരിഞ്ഞുനോക്കാറുമില്ല .
ഓരോ ഒളിച്ചോട്ടവും തകര്‍ക്കുന്നതു കുടുംബങ്ങളെത്തന്നെയാണ്. ഒളിച്ചോട്ടത്തിന്റെ പേരില്‍ നാടുവിടേണ്ടിവരുന്ന കുടുംബങ്ങള്‍ ഒട്ടേറെ. സമൂഹത്തില്‍നിന്ന് ഒറ്റപ്പെട്ടവരും സ്വയം ഉള്‍വലിഞ്ഞവരുമുണ്ട്. ചില സംഭവങ്ങളിലാകട്ട മാതാവോ പിതാവോ ഹൃദയംപൊട്ടി മരിക്കാറുമുണ്ട്.

ഒരു കാലത്തു കുട്ടികള്‍ക്ക് ഏറെ കരുതലും ശ്രദ്ധയും ലഭിക്കുന്ന കുടുംബസംവിധാനമായിരുന്നു കേരളത്തിലേത്. വീടിനുമുമ്പിലെ ഇടവഴിയില്‍ അസാധാരണമായി ഉയരുന്ന സൈക്കിള്‍ ബെല്ലടിയെപ്പോലും ജാഗ്രതയോടെ വീക്ഷിക്കുന്ന കുടുംബസംവിധാനമായിരുന്നു അന്ന്.
കുടുംബമെന്നാല്‍ മാതാപിതാക്കളും കുട്ടികളും മാത്രമായിരുന്നില്ല. മുത്തശ്ശനും മുത്തശ്ശിയും മാതാപിതാക്കളുടെ സഹോദരങ്ങളും കുടുംബവുമൊക്കെ അടങ്ങിയ വിപുലമായ സംവിധാനമായിരുന്നു അത്. അതുകൊണ്ടുതന്നെ കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ലഭിച്ചിരുന്നു.
സ്‌കൂളും കോളജും വിട്ട് കുട്ടികള്‍ എപ്പോള്‍ മടങ്ങിയെത്തുമെന്നും വൈകിയാല്‍ കാരണമെന്തെന്നും കൃത്യമായ അന്വേഷണങ്ങളുണ്ടായിരുന്നു. പഠിത്തം കഴിഞ്ഞെത്തുന്ന കുട്ടികളുമായി വിശേഷങ്ങള്‍ പങ്കുവയ്ക്കാനും അവരോടു കാര്യങ്ങള്‍ തിരക്കാനും വീട്ടില്‍ ആളുകളും സമയവുമുണ്ടായിരുന്നു.
കുടുംബാംഗങ്ങള്‍ക്കു സമൂഹവുമായി ഇന്നത്തേക്കാള്‍ ഊഷ്മളമായ ബന്ധമുണ്ടായിരുന്നതിനാല്‍ കുടുംബത്തിന്റെ ഓരോ അംഗത്തിന്റെയും പുറത്തുള്ള പെരുമാറ്റം സംബന്ധിച്ച് അറിയാനും സംവിധാനങ്ങള്‍ ഏറെയായിരുന്നു. വളര്‍ന്നുവരുന്ന ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ചങ്ങാത്തങ്ങളും സ്വഭാവത്തിലെ ഗുണവും ദോഷവുമെല്ലാം അപ്പപ്പോള്‍ മാതാപിതാക്കളുടെ ചെവിയില്‍ എത്തുമായിരുന്നു.
കേരളത്തിലെ കൂട്ടുകുടുംബസംവിധാനം തകര്‍ന്നതിനു പിന്നാലെയാണു മൂല്യച്യുതി ഏറ്റവും ശക്തമായി സമൂഹത്തില്‍ വേരോടിയതെന്നു കഴിഞ്ഞ കുറേക്കാലത്തെ സംഭവങ്ങള്‍ വിലയിരുത്തിയാല്‍ മനസിലാകും. ഒളിച്ചോട്ടക്കാര്യത്തില്‍ മാത്രമല്ല മയക്കുമരുന്നു വലയങ്ങള്‍, മോഷണസംഘങ്ങള്‍ തുടങ്ങിയ കെണികളിലേയ്ക്കു കുട്ടികള്‍ എത്തിപ്പെടുന്നതുപോലും ഇന്നു കുടുംബത്തിലുള്ളവര്‍ അറിയാറില്ല. സ്‌കൂള്‍ വിദ്യാര്‍ഥികളായ കൗമാരക്കാര്‍മാത്രം ഉള്‍പ്പെടുന്ന ബൈക്ക് മോഷണസംഘങ്ങളും മയക്കുമരുന്നു ശൃംഖലകളും കേരളത്തില്‍ പിടിയിലാകുന്നതു പുതിയ വാര്‍ത്തയല്ലാതായി മാറിയിട്ടു കുറച്ചുകാലമായി.
ഇത്തരം ഒറ്റപ്പെടലുകള്‍തന്നെയാണ് ഒളിച്ചോട്ടങ്ങളിലേക്കും വഴിതുറക്കുന്നത്. കുട്ടികളുടെ വിശേഷങ്ങള്‍ കേള്‍ക്കാന്‍ മാതാപിതാക്കള്‍ക്കു സമയമില്ലാതാകുമ്പോള്‍ ആ സ്ഥാനത്തേയ്ക്കു പുതിയ കഥാപാത്രങ്ങളെത്തുന്നു. സ്ഥിരമായി പോകുന്ന ബസിലെ കണ്ടക്ടറും അടുത്തവീട്ടില്‍ പണിക്കുവരുന്ന നിര്‍മാണത്തൊഴിലാളിയുമൊക്കെ വിശേഷങ്ങള്‍ ചോദിക്കുന്നവരായി അടുത്തുകൂടും. കുട്ടികള്‍ അനുഭവിക്കുന്ന ചെറിയചെറിയ മാനസികസംഘര്‍ഷങ്ങള്‍ക്ക് ആശ്വാസംപകര്‍ന്നും അവരുടെ ചെറിയവിജയങ്ങള്‍ക്ക് അഭിനന്ദനം നല്‍കിയുമൊക്കെ അടുത്തുകൂടുന്ന ഇവര്‍ പിന്നീടു മനസ്സുപങ്കുവയ്ക്കുന്ന തരത്തിലേയ്ക്കു ബന്ധം വളര്‍ത്തുന്നു. ആരാണ് എന്താണ് എന്നൊന്നും അറിയാതെ കുട്ടികള്‍ ഇവരെ അന്ധമായി വിശ്വസിക്കുകയും ചെയ്യുന്നു.
ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസുകളായി എത്തുന്ന പല ഒളിച്ചോട്ടസംഭവങ്ങളിലെയും നായകന്മാര്‍ ഇത്തരക്കാരാണ്. ഇരകളാകട്ടെ പലപ്പോഴും അണുകുടുംബങ്ങളിലെ കുട്ടികളും. മാതാവിനും ജോലിയുള്ള കുടുംബങ്ങളില്‍ മക്കള്‍ സ്‌കൂളും ട്യൂഷനുമൊക്കെ വിട്ട് എപ്പോഴാണു വന്നുകയറുന്നതെന്നും ഇവര്‍ ആരോടൊക്കെയാണു ചങ്ങാത്തംകൂടുന്നതെന്നും ശ്രദ്ധിക്കാന്‍പോലും രക്ഷിതാക്കള്‍ക്കു സമയം കിട്ടാറില്ല. ഈ അവസ്ഥയാണു പ്രണയക്കെണി ഒരുക്കുന്നവര്‍ക്കു വളമായി മാറുന്നത്.
ഇതേ ഒറ്റപ്പെടല്‍തന്നെയാണു വീട്ടമ്മമാരുടെ ഒളിച്ചോട്ടത്തിനും വഴിതുറക്കുന്നത്. പലപ്പോഴും ഭര്‍ത്താവിന്റെ പരിഗണന കിട്ടാത്ത ഭാര്യമാരുടെ സങ്കടം പങ്കുവയ്ക്കാനെന്ന വ്യാജേനയാണ് ഒളിച്ചോട്ട വില്ലന്മാര്‍ കടന്നുവരുന്നത്. സ്ഥിരമായി പോകുന്ന കടകളിലെ ജീവനക്കാര്‍ മുതല്‍ ടാക്‌സി ഡ്രൈവര്‍മാര്‍വരെ സങ്കടങ്ങള്‍ പങ്കുവയ്ക്കുന്നവരായി എത്തും. ഇതാണു മിക്കപ്പോഴും പിഞ്ചുകുട്ടികളെ വീട്ടിലും വഴിയിലും ഉപേക്ഷിച്ചുള്ള വീട്ടമ്മമാരുടെ ഒളിച്ചോട്ടത്തിലേക്ക് എത്തുന്നത്.
ഓരോ ദിവസവും മാതാപിതാക്കളും മക്കളും കുറച്ചുസമയമെങ്കിലും സ്വസ്ഥമായി ഒന്നിച്ചിരിക്കാനും മനസുതുറന്നു സംസാരിക്കാനും തയാറായാല്‍ ഇപ്പോഴത്തെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകും. ഭക്ഷണസമയത്തുപോലും മക്കളുമായി കൂടിയിരിക്കുന്നതും തുറന്നുസംസാരിക്കുന്നതും ഇല്ലാതായെന്നതാണു കേരളത്തിലെ കുടുംബങ്ങള്‍ അനുഭവിക്കുന്ന നിരവധി സംഘര്‍ഷങ്ങള്‍ക്കു കാരണം. പഠനച്ചെലവിനു വഴികാണാന്‍ പ്രണയം മറയാക്കിയ ഒരു യുവതിയുണ്ട് പാലക്കാട്ട്.

പ്രണയം കോഴ്‌സ് പൂര്‍ത്തിയാക്കാന്‍



പലപ്പോഴും പ്രണയക്കെണിയില്‍ അകപ്പെട്ട് ഒളിച്ചോടുന്നത് പെണ്‍കുട്ടികളാണ്. എന്നാല്‍, ഇന്നു പറയാനുള്ളത് ഇഷ്ടപ്പെട്ട കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ സഹപാഠിയോട് പ്രണയം നടിച്ച് വിവാഹം ചെയ്ത പെണ്‍കുട്ടിയുടെ കഥയാണ്. കോഴ്‌സ് പൂര്‍ത്തിയാക്കിയതിനുശേഷം വിവാഹബന്ധം വേര്‍പെടുത്തിയപ്പോഴാണ് പെണ്‍കുട്ടിയുടെ വക്രബുദ്ധിയെപ്പറ്റി പുറംലോകം അറിയുന്നത്. കെട്ടുറപ്പുള്ള ഒരു കൂട്ടുകുടുംബത്തെ തകര്‍ത്തെറിഞ്ഞുകൊണ്ടായിരുന്നു ആ വിവാഹം നടന്നത്.
പാലക്കാട്ടെ ഒരു കോളജില്‍ എം.ബി.എയ്ക്ക് ചേരുമ്പോഴാണ് സവാദിനെ അതേ ബാച്ചിലെ തന്നെ വിദ്യാര്‍ഥിനിയായ അശ്വതി പരിചയപ്പെടുന്നത്. പരിചയം പിന്നീട് പരസ്പരം വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിലേക്കും പ്രണയത്തിലേക്കും വഴിമാറി. തന്നെ വേഗം വിവാഹം കഴിക്കണമെന്നും ഇല്ലെങ്കില്‍ മറ്റാരെയെങ്കിലുംകൊണ്ട് വീട്ടുകാര്‍ വിവാഹം കഴിപ്പിക്കുമെന്നുമായി അശ്വതി. താന്‍ പഠനം നിര്‍ത്താന്‍ പോകുകയാണെന്നും അച്ഛന്‍ ഇനി പഠിപ്പിക്കില്ലെന്നും അശ്വതി സവാദിനെ പറഞ്ഞുധരിപ്പിച്ചു.
തനിക്ക് വിവാഹപ്രായമെത്തിയിട്ടില്ലെന്നും മൂന്ന് സഹോദരിമാരുണ്ടെന്നും വ്യക്തമായ ബോധമുണ്ടായിരുന്നിട്ടും സവാദ് രണ്ടുംകല്‍പിച്ച് ഒരു തീരുമാനത്തിലെത്തി. തന്നെ ഒരു സുഹൃത്തിനെപോലെ കാണുന്ന ബാപ്പയോട് എല്ലാ വിവരങ്ങളും പറഞ്ഞ് മാതാപിതാക്കളുടെ സമ്മതത്തോടെ അശ്വതിയെ സ്വന്തമാക്കണം. സവാദ് വിഷയം പറഞ്ഞുതുടങ്ങിയപ്പോള്‍ തന്നെ ബാപ്പ ബഷീറിന് കാര്യം പിടികിട്ടി. എന്തൊക്കെ പറഞ്ഞാലും ഈ വിവാഹം നടക്കില്ലെന്നായി ബഷീര്‍. നീ അവളെ വിവാഹം കഴിച്ചാല്‍ ഇവിടെ കൂട്ട ആത്മഹത്യ നടക്കുമെന്നായി മാതാവ്.അശ്വതി മതം മാറാമെന്ന് പറഞ്ഞിട്ടുണ്ടെന്നും മുസ്‌ലിമായി ജീവിച്ചോളാമെന്നു സമ്മതിച്ചിട്ടുണ്ടെന്നും സവാദ്. എന്നാല്‍, പിതാവ് ഇതിലൊന്നും കുലുങ്ങിയില്ല.
ഇത്തരം ഒരു വിവാഹത്തിന് താന്‍ സമ്മതിക്കില്ലെന്നും അത് ഇരു കുടുംബങ്ങളിലും പ്രശ്‌നങ്ങളുണ്ടാക്കുമെന്ന നിലപാടിലായിരുന്നു അദ്ദേഹം. തന്റെ തീരുമാനത്തില്‍ നിന്ന് ഒരടി പിന്നോട്ടില്ലെന്ന് സവാദും പ്രഖ്യാപിച്ചു. സവാദിന് വിവാഹപ്രായമെത്തിയ മൂന്ന് സഹോദരിമാരാണെന്നോര്‍ത്തപ്പോള്‍ മാതാപിതാക്കള്‍ക്ക് ആധി കൂടി. പിറ്റേന്നുതന്നെ അശ്വതിയുടെ വീട്ടിലേക്ക് പിതാവ് വണ്ടികയറി. അശ്വതിയുടെ പിതാവിനെ കണ്ട് വിവരങ്ങള്‍ ധരിപ്പിക്കുകയായിരുന്നു ലക്ഷ്യം. ഇരുവരും കാര്യങ്ങള്‍ വിശദമായി സംസാരിച്ചു. മക്കളെ പറഞ്ഞുതിരുത്താമെന്ന ഉറച്ചവിശ്വാസത്തില്‍ രണ്ടുപേരും പിരിഞ്ഞു.
എന്നാല്‍, മക്കളുടെ നിലപാടുകള്‍ പിന്നീട് കൂടുതല്‍ കര്‍ക്കശമായി തുടങ്ങിയപ്പോള്‍ രണ്ടു രക്ഷിതാക്കളും പ്രതിസന്ധിയിലായി. അവസാനം, ബഷീര്‍ അശ്വതിയെ നേരില്‍കണ്ട് തന്റെ മകനെ മറക്കാനും രണ്ടു കുടുംബങ്ങളേയും തകര്‍ച്ചയില്‍നിന്നു രക്ഷിക്കാനും സഹായം അഭ്യര്‍ഥിച്ചു. അശ്വതിയുടെ നിലപാട് കുറേക്കൂടി കടുത്തതായിരുന്നു. ഞങ്ങളെ ഒന്നിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ രണ്ടുപേരും നിങ്ങളുടെ വീട്ടുമുറ്റത്ത് കെട്ടിത്തൂങ്ങുമെന്നായിരുന്നു ഭീഷണി. ഈ വിവാഹം കൊണ്ട് ഇരു കുടുംബങ്ങള്‍ക്കും ഉണ്ടാകാന്‍ പോകുന്ന ഭവിഷ്യത്തുകള്‍ അക്കമിട്ട് നിരത്തിയിട്ടും അശ്വതി തീരുമാനത്തില്‍ നിന്ന് പിന്തിരിഞ്ഞില്ല. സെന്റിമെന്റ്‌സ്, ഭീഷണി, ഉപദേശങ്ങള്‍ എന്നിവയൊന്നും ഫലം ചെയ്തില്ല.
സാവധാനം മകനെയും അശ്വതിയെയും പറഞ്ഞുമനസ്സിലാക്കി പിന്തിരിപ്പിക്കാമെന്ന പ്രതീക്ഷയിലിരിക്കുന്നതിനിടെ അശ്വതിയെയും കൂട്ടി മകന്‍വീട്ടുമുറ്റത്ത്. ബഷീറിന്റെ ഭാര്യയും മൂന്നുപെണ്‍മക്കളും വീടിനകത്ത് കൂട്ടക്കരച്ചിലും പുറത്ത് മകന്റെയും അശ്വതിയുടെയും ആത്മഹത്യാഭീഷണിയും. രണ്ടു പേരെയും വീട്ടിലെ സ്വീകരണമുറിയിലേക്കിരുത്തി വീണ്ടും ഉപദേശിച്ച് പിന്തിരിപ്പിക്കാനുള്ള ശ്രമം നടത്തിനോക്കി ബഷീര്‍. രണ്ടുമത വിഭാഗങ്ങള്‍ തമ്മിലുണ്ടാകാന്‍ സാധ്യതയുള്ള ശത്രുതയും അതിന്റെ അനുരണനങ്ങളും എല്ലാം വിശദമാക്കിയിട്ടും അശ്വതി ഉറച്ചുനില്‍ക്കുന്നു. പാതി മനസ്സോടെ മകനും. തനിക്കു മുസ്‌ലിമാകാന്‍ സൗകര്യം ചെയ്തുതരണമെന്നായി അശ്വതി. ഇഷ്ടമുള്ള പുരുഷനെ കിട്ടാന്‍ വേണ്ടി മാത്രം ഇസ്‌ലാം മതം സ്വീകരിക്കുന്നത് ശരിയെല്ലെന്ന് ബഷീര്‍. തനിക്ക് ഹിദായത്ത് (സന്മാര്‍ഗം) കിട്ടുന്നത് തടയാനാണോ അങ്കിളിന്റെ ശ്രമമെന്ന് അശ്വതിയും. ബഷീര്‍ വീട്ടിലേക്ക് തന്റെ സഹോദരന്മാരേയും അവരുടെ മുതിര്‍ന്ന ആണ്‍മക്കളേയും വിളിച്ചുവരുത്തി കാര്യങ്ങള്‍ വിശദീകരിച്ചു. തര്‍ക്കങ്ങളായി വഴക്കായി പരസ്പരം ഏറ്റുമുട്ടലിന്റെ വക്കിലായി. ബഷീര്‍ നാടകം കളിക്കുകയാണെന്നും മകനെയും കാമുകിയെയും വീട്ടിലേക്ക് ക്ഷണിച്ചിരുത്തിയ ശേഷം മറ്റുള്ളവരെ പൊട്ടന്മാരാക്കുകയാണെന്നുമൊക്കെ ആരോപണങ്ങളുയര്‍ന്നു.
ബഷീറിനോടുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് സഹോദരങ്ങളും മക്കളും പടിയിറങ്ങുമ്പോള്‍ മകനും കാമുകിയും ചേര്‍ന്നൊരു പ്രഖ്യാപനവും നടത്തി, ഞങ്ങളെ സ്വീകരിച്ചില്ലെങ്കില്‍ ആത്മഹത്യചെയ്യുമെന്ന്. അശ്വതിയെ സ്വീകരിച്ചാല്‍ തങ്ങള്‍ ആത്മഹത്യ ചെയ്യുമെന്ന് ഭാര്യയും പെണ്‍മക്കളും. അശ്വതിയുടെ വീട്ടുകാര്‍ അശ്വതിയുടെ ആഗ്രഹം അതാണെങ്കില്‍ അങ്ങനെ തന്നെ നടക്കട്ടെ എന്ന നിലപാടാണ് സ്വീകരിച്ചത്. കാര്യങ്ങളറിഞ്ഞെത്തിയ ബഷീറിന്റെ സുഹൃത്ത് അശ്വതിയെയും സവാദിനെയും കാറില്‍ എറണാകുളത്തെ തന്റെ സുഹൃത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോയി. യാത്രയ്ക്കിടെ മൂന്നുമണിക്കൂര്‍ നീണ്ടുനിന്ന ഉപദേശങ്ങള്‍. ഈ വിവാഹം നടന്നാല്‍ നാട്ടിലുണ്ടാകാന്‍ പോകുന്ന വിപത്തുകളെപ്പറ്റിയും വിശദീകരിച്ചു.
സവാദിന് പിന്മാറ്റത്തിന് ചെറിയൊരു താല്‍പര്യമുണ്ടായെങ്കിലും അശ്വതിയുടെ നിലപാടുകള്‍ക്കു മുന്നില്‍ അയാള്‍ നിസ്സഹായനായി. എറണാകുളത്ത് വക്കീല്‍ കൂടിയായ സുഹൃത്തും അദ്ദേഹത്തിന്റെ ഭാര്യയും ചേര്‍ന്ന് വീണ്ടും രണ്ടുമണിക്കൂര്‍ നീണ്ടു നിന്ന കൗണ്‍സലിങ്. അശ്വതിയുടെ നിലപാടില്‍ അല്‍പ്പം പോലും മയമില്ല. ഒടുവില്‍ സവാദിന്റെ ഹലാല്‍ ആയ ഭാര്യയായി ജീവിക്കാന്‍ അശ്വതിക്ക് മതം മാറാനുള്ള സൗകര്യം ചെയ്തുകൊടുക്കുകയല്ലാതെ അവര്‍ക്ക് മറ്റു മാര്‍ഗമില്ലെന്ന നിലയില്‍ മതം മാറുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനമായ കലിമ ചൊല്ലിക്കൊടുത്തു. സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ എന്തുനിലപാട് സ്വീകരിക്കുമെന്ന കാര്യത്തില്‍ നാട്ടിലാകെ ഊഹാപോഹങ്ങളും അടക്കംപറച്ചിലുകളും.
എന്നാല്‍, സംഘ്പരിവാര്‍ പ്രവര്‍ത്തകരേക്കാള്‍ ഇക്കാര്യത്തില്‍ യുദ്ധപ്രഖ്യാപനം നടത്തിയത് ബഷീറിന്റെ സഹോദരങ്ങളായതിനാല്‍ അവര്‍ തെല്ലൊന്നടങ്ങിയെന്നുവേണം പറയാന്‍. കുടുംബ ബന്ധത്തിലെ കെട്ടുറപ്പിന്റെ കാര്യത്തില്‍ പ്രശസ്തിയാര്‍ജിച്ച ബഷീറിന്റെ കുടുംബ ബന്ധങ്ങളില്‍ വലിയ വിള്ളലും സഹോദരങ്ങളുടെ മക്കള്‍ വരെ പരസ്പരം പോര്‍വിളിക്കുകയും സംഘട്ടനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. അശ്വതിയുടെ വീട്ടില്‍ സമ്മര്‍ദവുമായെത്തിയ ബന്ധുക്കളേയും മതരാഷ്ട്രീയ സംഘടനാപ്രവര്‍ത്തകരേയും അവര്‍ അനുനയിപ്പിച്ചു നിര്‍ത്തിയതിനാല്‍ അവരുടെ ഭാഗത്തുനിന്നുള്ള സംഘര്‍ഷ സാധ്യത ഇല്ലാതാക്കി. പൊതുരംഗത്ത് സജീവമായിരുന്ന ബഷീറിന് സ്വന്തംവീട്ടിലേക്ക് സ്വയം ഒതുങ്ങേണ്ടി വന്നു. ബന്ധുക്കളും സഹോദരങ്ങളും ബഷീറുമായൊ കുടുംബവുമായൊ മുന്നില്‍ കണ്ടാല്‍ പോലും മിണ്ടാതായി. മകനും മരുമകളും പഠിച്ചിരുന്നത് പ്രൊഫഷണല്‍ കോഴ്‌സ് ആയതിനാല്‍ പഠനച്ചെലവ് മുഴുവന്‍ ബഷീറാണ് നടത്തിയത്. സവാദിനും അശ്വതിക്കും വേണ്ടി ബഷീറി
ന് പലയിടങ്ങളിലും മാറി നില്‍ക്കുകയും തലകുനിക്കുകയും ചെയ്യേണ്ടി വന്നു. ഇത്തരത്തില്‍ മൂന്നുവര്‍ഷം കടന്നുപോയി. എം.ബി.എ പഠനം പൂര്‍ത്തിയാക്കിയപ്പോള്‍ അശ്വതിയുടെ നിലപാട് മാറിത്തുടങ്ങി.

സവാദിനോടുള്ള അടുപ്പത്തിലും സ്‌നേഹപ്രകടനങ്ങളിലും കാര്യമായ മാറ്റങ്ങള്‍. ഒരിക്കല്‍ അശ്വതി തന്നെ സവാദിനോട് ചോദിച്ചു. നമുക്ക് നല്ല സുഹൃത്തുക്കളായി ബന്ധം നിലനിര്‍ത്തി ഈ ദാമ്പത്യം അവസാനിപ്പിച്ചുകൂടേ എന്ന് ! സവാദിനൊപ്പമുള്ള ദാമ്പത്യത്തിന് മടുപ്പ് തോന്നുന്നുവെന്നും അവള്‍ വ്യക്തമാക്കി. എങ്കില്‍ പിന്നെ തന്റെ കുടുംബത്തിന് ഇത്രയും വലിയ വിള്ളലുകളും പൊട്ടിത്തെറികളും ഉണ്ടാക്കിയതെന്തിന് എന്ന ചോദ്യത്തിന് അശ്വതി നല്‍കിയ മറുപടി വിചിത്രമായിരുന്നു. താന്‍ ആഗ്രഹിച്ച കോഴ്‌സിന് ചേരാന്‍ അച്ഛന്‍ എതിരുനിന്നപ്പോള്‍ ഇഷ്ടപ്പെട്ട കോഴ്‌സ് തന്നെ പഠിക്കാന്‍ തനിക്ക് ഇതല്ലാതെ വേറെ മാര്‍ഗമില്ലെന്നായിരുന്നു അശ്വതിയുടെ വെളിപ്പെടുത്തല്‍. ഒടുവില്‍ വിവാഹമോചനത്തിനുള്ള സംയുക്ത അപേക്ഷയില്‍ ഒപ്പിട്ടുകൊടുക്കുമ്പോള്‍ സവാദിന്റെ കണ്ണു നിറഞ്ഞതുകണ്ട അശ്വതി ഉപദേശിച്ചതിങ്ങനെ. ജീവിതത്തെ നാം സിംപിളായി കാണണമെന്നും പ്രാക്ടിക്കലാകണമെന്നുമായിരുന്നു. അശ്വതിയെ അവരുടെ വീട്ടിലാക്കി തിരിച്ചെത്തിയ ബഷീര്‍ പിന്നീട് വീടിനു പുറത്തുപോലും ഇറങ്ങാതായി. മകനും ഇതേ അവസ്ഥയില്‍. തന്റെ ഇഷ്ട കോഴ്‌സ് പഠിക്കാന്‍ അനുവദിക്കാതിരുന്ന അച്ഛനോട് അശ്വതി കണക്കുതീര്‍ത്തത് മറ്റൊരാളുടെ ജീവിതവും വലിയൊരു കുടുംബത്തിന്റെ സ്‌നേഹബന്ധങ്ങളുടെ വേരറത്തുമാറ്റിയുമാണ്.

അശ്വതിക്കുമുന്നില്‍ നിസ്സഹായത പ്രകടിപ്പിക്കാന്‍ മാത്രമാണ് അവളുടെ പാവം പിതാവിനാകുന്നത്. അശ്വതി മറ്റൊരു കാര്യം കൂടി സവാദിനോട് പറഞ്ഞിരിക്കുന്നു. തനിക്ക് ഇത്തരമൊരു ആശയം കിട്ടിയത് ഒരു പ്രമുഖ ടി.വി ചാനലില്‍ സംപ്രേഷണം ചെയ്ത സീരിയലില്‍ നിന്നാണെന്ന്. സാംസ്‌കാരിക പ്രബുദ്ധത അവകാശപ്പെടുന്ന മലയാളി ഇന്ന് എത്തി നില്‍ക്കുന്നത് എവിടെയെന്ന് ഓര്‍മിപ്പിക്കുന്നതാണ് അശ്വതിയുടെ ഈ വാക്കുകള്‍.
സ്വീകരണമുറിയില്‍  നീരാളിയോ?
കൊച്ചുകുട്ടികളുടെ മനസില്‍വരെ വന്‍ സ്വാധീനം ചെലുത്താന്‍ സ്വീകരണമുറിയിലെത്തുന്ന ടി.വി പരിപാടികള്‍ക്ക് ഇന്ന് കഴിയുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് നൂറുരൂപയ്ക്കും നാല്‍പത് രൂപയ്ക്കുമൊക്ക പാലും ക്രീമുമൊക്കെ അല്‍പം തൊട്ടുവച്ച് ഭൂതക്കണ്ണാടികൊണ്ട് കണ്ടുപിടിക്കേണ്ട കളിക്കോപ്പുമായി ഇറങ്ങുന്ന മിഠായികള്‍ ചൂടപ്പം പോലെ വിറ്റഴിയുന്നതും.
മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയിലെ പ്രശസ്തമായ സ്‌കൂളിലെ ഏഴാം ക്ലാസുകാരി ഉമ്മയുടെ ചുരിദാറിന്റെ ഷാളില്‍ തൂങ്ങി എട്ട് വര്‍ഷം മുമ്പ് മരിച്ചത് സീരിയലില്‍ മാതാപിതാക്കള്‍ വഴക്കുപറയുമ്പോള്‍ ആത്മഹത്യക്ക് ശ്രമിച്ച കുട്ടിയെ പിന്തുടര്‍ന്നായിരുന്നു. ഇന്റര്‍നെറ്റും മൊബൈല്‍ഫോണുമൊക്കെ അരങ്ങ് തകര്‍ക്കുമ്പോഴും സീരിയല്‍ കാഴ്ചകള്‍ കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ സ്വാധീനിക്കുന്നുണ്ടെന്നതാണ് യാഥാര്‍ഥ്യം. സ്‌കൂളുകളിലും കോളജുകളിലും സീരിയലിലെ അടുത്തഭാഗം എങ്ങനെയായിരിക്കുമെന്ന ചര്‍ച്ചയും വളരെ ആസൂത്രിതമായി ഇതിന്റെയൊക്കെ അണിയറപ്രവര്‍ത്തകര്‍ രഹസ്യമായി സംഘടിപ്പിക്കുന്നുണ്ടെന്നത് മറ്റൊരു വസ്തുത.
1980കളുടെ അവസാനത്തോടെയാണ് ചാനല്‍ പരിപാടികള്‍ വന്‍ സ്വാധീനമായി തുടങ്ങിയത്. സ്‌കൂള്‍വിട്ട് വരുന്ന മകനെയോ മകളെയോ പഠിക്കാന്‍ മുറിയിലടച്ചിട്ട് മാതാവ് സീരിയല്‍ കാണാന്‍ ചാനല്‍ മാറ്റുന്ന പ്രവണത ഇന്നും തുടരുന്നുണ്ട്. ഇത് കുട്ടിക്ക് കൂടുതല്‍ സ്വകാര്യത ഒരുക്കികൊടുക്കുകയാണ് ചെയ്യുന്നത്. പലപ്പോഴും കുട്ടി മുറിക്കുള്ളില്‍ മാതാവിന്റെയോ പിതാവിന്റെയോ ഒക്കെ മൊബൈല്‍ഫോണുമായിട്ടായിരിക്കും പഠിക്കാനിരിക്കുന്നത്. സീരിയല്‍ കാണുന്ന മാതാവ് ധരിക്കുന്നത് തന്റെ മകള്‍ അല്ലെങ്കില്‍ മകന്‍ ഹോംവര്‍ക് ചെയ്യുകയും പാഠങ്ങള്‍ പഠിക്കുകയുമായിരിക്കുമെന്നായിരിക്കും. പക്ഷേ, കുട്ടി ചെയ്യുന്നത് എപ്പോഴും കാണാവുന്ന ഹോട്ട്‌സ്റ്റാറിലൂടെ സീരിയലോ മറ്റ് പരിപാടികളോ ഒക്കെ രഹസ്യമായി ആസ്വദിക്കുകയായിരിക്കും.
ടി.വി സീരിയല്‍ കണ്ട് വീടുവിട്ടിറങ്ങിയ വിദ്യാര്‍ഥിനികളുടെ മൂന്നംഗ സംഘത്തെ തിരുവല്ലയില്‍ നിന്ന് പൊലിസ് കണ്ടെത്തിയത് കഴിഞ്ഞവര്‍ഷം. ടി.വി ചാനലുകളിലെ പരിപാടികളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കുട്ടികളും മുതിര്‍ന്നവരുമൊക്കെ അരുതാത്തത് ചെയ്തുകൂട്ടുമ്പോഴും നല്ലതേത് മോശമേത് എന്ന് തിരിച്ചറിയാന്‍ പറ്റാത്ത തരത്തില്‍ ഓരോ പരിപാടികള്‍ പടച്ചിറക്കികൊണ്ടിരിക്കുകയാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുമിച്ചിരുന്ന് കാണുന്ന തരത്തിലായിരിക്കണം പരിപാടികള്‍ സംപ്രേഷണം ചെയ്യേണ്ടതെന്ന വ്യക്തമായ നിയമം ഉണ്ടെങ്കിലും ആരും കണക്കിലെടുക്കുന്നില്ലെന്ന് മാത്രം.
അവിഹിത ബന്ധങ്ങള്‍ കൊഴുപ്പിച്ച് കാണിച്ച് സര്‍വസീമകളും ലംഘിച്ച് മുന്നേറി റേറ്റിങില്‍ ഒന്നാമതെത്തുന്ന ഇത്തരം സൃഷ്ടികള്‍ സാമ്പത്തിക ലാഭം നേടുമ്പോള്‍ സമൂഹത്തില്‍ ധാര്‍മികത തുടച്ചുമാറ്റപ്പെടുകയല്ലെ ചെയ്യുന്നത്. ഒപ്പം നല്ലതും ചീത്തയും ഏതെന്ന് തരംതിരിക്കാന്‍ പാകമാകുന്ന ഒരു തലമുറയ്ക്ക് വിഷം കുത്തിവയ്ക്കുകയുമല്ലെ. മദ്യപിക്കുകയും പുകവലിക്കുകയുമൊക്കെ ചെയ്യുന്ന ഭാഗങ്ങള്‍ കാണിക്കുമ്പോള്‍, മദ്യപാനവും പുകവലിയുമൊക്കെ ആരോഗ്യത്തിന് ഹാനികരം ആണെന്ന് സ്‌ക്രീനില്‍ എഴുതിക്കാണിക്കണമെന്നാണ് നിയമം. എന്നാല്‍ ഇപ്രകാരം എഴുതിക്കാണിക്കുന്നത് എത്രപേര്‍ വായിക്കുന്നുണ്ട്. ഏറ്റവും ചെറിയ അക്ഷരത്തില്‍ വഴിപാടുപോലെ പ്രത്യക്ഷപ്പെടുന്ന ഇത്തരം സന്ദേശങ്ങള്‍ വായിക്കാമെന്നുകരുതിയാലോ വായിച്ചുതീരുംമുമ്പേ സ്‌ക്രീനില്‍ നിന്ന് അപ്രത്യക്ഷമാകുകയും ചെയ്യും.
ദേശീയതലത്തിലും പ്രാദേശികതലത്തിലും ടി.വി ചാനലുകള്‍ നിലവാരമുള്ള പരിപാടികള്‍ സംപ്രേഷണം ചെയ്യുന്നുണ്ടെങ്കിലും അതൊന്നും കാണാതെ പോകുകയാണ് അമ്മമാരും വിദ്യാര്‍ഥികളുമൊക്കെ. മുമ്പൊക്കെ ജോഗ്രഫിക്കല്‍ ചാനലിനും അനിമല്‍ പ്ലാനറ്റിനുമൊക്കെ ലഭിച്ചിരുന്ന സ്വീകാര്യത ഇപ്പോള്‍ കുറഞ്ഞതും ഇതിനുതെളിവാണ്. ചാനലുകളില്‍ കാണുന്നത് അതുപോലെ ജീവിതത്തില്‍ പകര്‍ത്തുന്നത് തടയിടാന്‍ ഒരു പരിധിവരെ നല്ല കുടുംബാന്തരീക്ഷത്തിന് സാധിക്കും.കുട്ടികള്‍ സ്‌കൂളുവിട്ടുവന്നാല്‍ അവരുടെ വിശേഷങ്ങള്‍ ചോദിച്ചറിയാന്‍ മാതാവിനു സാധിക്കണം.
മക്കള്‍ക്ക് ചെവികൊടുക്കാന്‍ രക്ഷിതാക്കള്‍ക്ക് സാധിക്കാതിരിക്കുമ്പോഴാണ് അവര്‍ മറ്റുള്ളവരോട് വിശേഷം പറയാന്‍ പോകുന്നത്. അവര്‍ പറയുന്ന വിശേഷങ്ങളിലെ നല്ലതും ചീത്തയും പകുത്ത് മാറ്റാനും കഴിയണം. ടി.വി സീരിയലുകള്‍ പ്രചോദനമാക്കി ഒളിച്ചോടുന്നതും ഇഷ്ടപ്പെട്ടയാള്‍ക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതും ക്ലാസ് കട്ട് ചെയ്ത് കറങ്ങിനടക്കുന്നതുമൊക്കെ തടയിടാന്‍ ഒരുപരിധിവരെ കുട്ടികളുമായുള്ള ഇത്തരം ചങ്ങാത്തത്തിന് സാധിക്കും.

വിവാഹക്കെണിക്ക് മറയായി മതംമാറ്റവും


വിവാഹത്തട്ടിപ്പിന് മതംമാറ്റം മറയാക്കിയ കഥയാണ് വയനാട്ടില്‍ നിന്നുള്ളത്. ഇവിടെ ഒരു കുടുംബം മാത്രമല്ല ഗ്രാമം ഒന്നാകെയാണ് വഞ്ചിതരായത്. നിര്‍ധന കുടുംബത്തിലെ യുവതികളുടെ വിവാഹത്തിന് നാടൊന്നാകെ കൈകോര്‍ക്കുക എന്ന നാട്ടുനന്മയാണ് ഇവിടെ ചൂഷണം ചെയ്യപ്പെട്ടത്. ഒപ്പം ഒരു നിര്‍ധനയുവതിയും അവരുടെ മക്കളും റെയില്‍വേ ട്രാക്കില്‍ ജീവിതം അവസാനിപ്പിക്കേണ്ടിയും വന്നു. വയനാട്ടിലെ ഒരു ഗ്രാമത്തില്‍ ഒതുങ്ങിയ ജീവിതം നയിച്ചിരുന്ന ഷെമീനയെന്ന യുവതിയുടെ വിവാഹത്തിനാണ് മഹല്ല് ഒന്നാകെ കൈകോര്‍ത്തത്. ഇതിനിടയിലാണ് തിരുവനന്തപുരത്തുനിന്നുള്ള ‘പുതുവിശ്വാസി’ റഹീം എന്ന പേരുമായി രംഗത്തെത്തിയത്. 
രാജീവ് എന്ന താന്‍ മതംമാറി റഹീം ആയതാണെന്നും മതംമാറിയതിന്റെ പേരില്‍ വീട്ടുകാര്‍ തന്നെ പുറത്താക്കിയതാണെന്നും നാട്ടില്‍ നില്‍ക്കാന്‍ പറ്റാത്തതിനാല്‍ മരപ്പണിക്കാരനായ താന്‍ ജോലിതേടി ഇവിടെ എത്തിയതാണെന്നും പറഞ്ഞ് എല്ലാവരെയും വിശ്വസിപ്പിച്ചു. ഇയാളുടെ നിഷ്‌കളങ്ക ഭാവത്തിലും പെരുമാറ്റത്തിലും വിശ്വാസം തോന്നിയ നാട്ടുകാര്‍ ആരോരുമില്ലാത്ത ഉമ്മാക്കും മകള്‍ക്കും ഒരു തുണയാകുമെന്ന പ്രതീക്ഷയില്‍ ഷെമീനയെ വിവാഹം ചെയ്തു കൊടുക്കുകയും ചെയ്തു. നാട്ടുകാര്‍ ഒത്തുചേര്‍ന്ന് മോശമല്ലാത്ത ഒരു തുകയും ആവശ്യത്തിന് ആഭരണങ്ങളും വിവാഹസമ്മാനമായി നല്‍കി. പിന്നീടാണ് ഇയാള്‍ സുന്ദരിയായ ഷെമീനയെ വിവാഹം ചെയ്യാന്‍ ഈ നാടകം കളിച്ചതെന്ന് അറിയുന്നത്. വിവാഹം കഴിഞ്ഞ് ഏറെ താമസിയാതെ പുതുവിശ്വാസി ‘തല്‍സ്വരൂപം’ പുറത്തെടുത്തു. 
പല ദിവസങ്ങളിലും മദ്യപിച്ച് വീട്ടിലെത്തുന്നത് ശീലമായി. മാതാവ് റംലയുടെ മുമ്പില്‍വച്ച് ഷെമീനയെ മര്‍ദിക്കലും പതിവായി. ഇതിനിടെ ഇവര്‍ക്ക് രണ്ടു പെണ്‍കുട്ടികളും പിറന്നു. മദ്യപാനവും മര്‍ദനവും പതിവായതോടെ നാട്ടുകാര്‍ പ്രശ്‌നത്തില്‍ ഇടപെടാന്‍ തുടങ്ങി. ഇതോടെ ഇയാള്‍ ഭാര്യയെയും മക്കളെയും കൂട്ടി കോഴിക്കോട്ടെ ഉള്‍ഗ്രാമത്തിലേക്ക് താമസം മാറി. അവിടെയെത്തിയപ്പോള്‍ റഹീം പഴയ രാജീവ് ആയിമാറി. ഷെമീനയെ നിര്‍ബന്ധിച്ച് ശോഭനയാക്കുകയും ചെയ്തു. മക്കളുടെയും പേരുകള്‍ മാറ്റി. അടുത്ത വീടുകളില്‍ പണിക്ക് പോയാണ് ശോഭന മക്കളെ പോറ്റിയത്. ഇങ്ങനെ കിട്ടുന്ന പണവും പിടിച്ചുവാങ്ങി രാജേഷ് മദ്യപാനം പതിവാക്കി. ഇതിനിടയില്‍ എവിടെനിന്നൊക്കെയോ കുറച്ചു കൂട്ടുകാരും വന്നെത്തി. 
വീട്ടില്‍ ദിവസവും മദ്യപാന സദസ്സായതോടെ ശോഭനയ്ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയാതായി. ജീവിതം ദുസ്സഹമായതോടെ മക്കളുമായി മരണത്തില്‍ അഭയംതേടുക എന്നതായിരുന്നു ഇവര്‍ കണ്ട എളുപ്പവഴി. ഒരു ദിവസം രാവിലെ നാട്ടുകാര്‍ കണ്ടത് റെയില്‍വേട്രാക്കില്‍ നിരന്നുകിടക്കുന്ന ശോഭനയുടെയും മക്കളുടെയും ജഡങ്ങളായിരുന്നു. അപ്പോഴും രാജേഷ് ലഹരിയുടെ പിടിയിലായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ വിവാഹം കഴിച്ചുകൊടുത്ത മകളും കുട്ടികളും ജഡമായി തിരിച്ചെത്തിയത് കണ്ടുനില്‍ക്കാന്‍ കഴിയാതെ മോഹാലസ്യപ്പെട്ട് വീണ റംല നാടിന്റെ നൊമ്പരവുമായി. ഷെമീനയുടേത് ഒരു ഒളിച്ചോട്ടമായിരുന്നില്ല. പക്ഷേ, മതംമാറ്റം മറയാക്കിയുള്ള വിവാഹക്കെണിയുടെ ഇരയായിരുന്നു അവള്‍.
നാടിന്റെ പ്രതീക്ഷകള്‍ 
തകര്‍ത്ത് ഒരു ഒത്തുജീവിതം
കോട്ടയത്ത് മെഡിസിന് പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് ശ്രീലേഖ രാജേഷിനെ കണ്ടുമുട്ടിയത്. ഒരേ കോളജിലെ തന്നെ വിദ്യാര്‍ഥികള്‍. രാജേഷ് നന്നായി പാടുമെന്നതായിരുന്നു ശ്രീലേഖയെ ആകര്‍ഷിച്ചിരുന്നത്. പക്ഷേ, പാട്ടില്‍മാത്രമായിരുന്നു രാജേഷിന് കമ്പം, പഠിത്തത്തില്‍ ഉണ്ടായിരുന്നില്ല. വീട്ടുകാരുടെ ഇഷ്ടത്തിന് വഴങ്ങിയായിരുന്നു എന്‍ട്രന്‍സ് എഴുതിയതും മെഡിസിന് അഡ്മിഷന്‍നേടിയതും. എറണാകുളത്തെ തീരഗ്രാമത്തിലെ ഇടത്തരം കുടുംബത്തിലെ മാതാപിതാക്കളുടെ ഏക മകളായിരുന്നു ശ്രീലേഖ. മെറിറ്റില്‍ മെഡിസിന് അഡ്മിഷന്‍ കിട്ടിയ ശ്രീലേഖ കുടുംബത്തിന്റെ മാത്രമല്ല,നാടിന്റെ തന്നെ പ്രതീക്ഷയായിരുന്നു. രാജേഷിന്റെ പാട്ടില്‍ ആകൃഷ്ടയായി ശ്രീലേഖ പഠനത്തില്‍ ഉഴപ്പി തുടങ്ങിയതോടെയാണ് മാതാപിതാക്കള്‍ക്ക് സംശയം തോന്നിയത്. കോളജില്‍ ചെന്ന് അന്വേഷിച്ചപ്പോള്‍ മകളുടെ പ്രണയത്തിന്റെ കഥയറിയുകയും ചെയ്തു. സാമ്പത്തികമായി ഉയര്‍ന്ന കുടുംബത്തില്‍പ്പെട്ട രാജേഷിന് പഠിച്ച് ഡോക്ടറായില്ലെങ്കിലും കുഴപ്പമൊന്നും ഇല്ലെന്നും എന്നാല്‍, നിന്റെ കാര്യം അങ്ങനെയല്ലെന്നും ഒക്കെ പറഞ്ഞുനോക്കിയെങ്കിലും ശ്രീലേഖയുടെ ശ്രദ്ധ മുഴുവന്‍ രാജേഷിലായിരുന്നു. ഇതിനിടെ രാജേഷിന്റെ വീട്ടിലും ഇവരുടെ പ്രണയമറിഞ്ഞു.ശ്രീലേഖയുടെ വീട്ടിലേക്കാള്‍ വലിയ വിപ്ലവമായിരുന്നു അവിടെ. ഒടുവില്‍ ഇരുവീട്ടുകാരെയും ധിക്കരിച്ച് രണ്ടുപേരും വാടകവീടെടുത്ത് താമസം തുടങ്ങി. വീട്ടുകാരോടുള്ള വാശിക്ക് രാജേഷ് പഠനം പാതിവഴിയില്‍ നിര്‍ത്തുകയും ചെയ്തു. ഒരുമിച്ചുള്ള ജീവിതം തുടങ്ങിയപ്പോഴാണ് ശ്രീലേഖ ഒരു യാഥാര്‍ഥ്യം മനസ്സിലാക്കിയത്. രാജേഷിന്റെ മനസ്സിലും ജീവിതത്തിലും താന്‍ പലരില്‍ ഒരാള്‍ മാത്രമാണെന്ന്. തന്നെപ്പോലെ പാട്ടില്‍ ആകൃഷ്ടരായി വേറെയും ചില പെണ്‍കുട്ടികള്‍ രാജേഷിന്റെ ജീവിതത്തിലുണ്ടെന്നും ഇതിനിടെ കൂട്ടുകൂടി മദ്യപാനം തുടങ്ങിയ രാജേഷ് പല ദിവസവും വീട്ടില്‍ എത്താതായി. എത്തുന്നദിവസങ്ങളിലാകട്ടെ ശ്രീലേഖയ്ക്ക് മര്‍ദനമേല്‍ക്കുന്നതും പതിവായി. നിന്നെക്കാള്‍ നല്ല കുടുംബത്തില്‍ നിന്ന് കനത്ത സ്ത്രീധനവുമായി തനിക്ക് വേറെ പെണ്ണുകിട്ടുമായിരുന്നെന്നും നിന്നെ കെട്ടിയതോടെ അതെല്ലാം മുടങ്ങിയെന്നും പറഞ്ഞായിരുന്നു മര്‍ദനം. മാസങ്ങള്‍മാത്രം നീണ്ട ഒരുമിച്ചുള്ള ജീവിതത്തിന് ശേഷം രാജേഷ് അപ്രത്യക്ഷനാകുകയും ചെയ്തു. ഇയാളുടെ വീട്ടുകാര്‍ക്കുപോലും രാജേഷ് എവിടെയാണ് ഉള്ളതെന്ന് യാതൊരു ധാരണയുമില്ല. ഇതിനിടെ അധ്യാപകരുടെ നിര്‍ബന്ധത്തിനുവഴങ്ങി ശ്രീലേഖ ഒരു വിധത്തില്‍ തന്റെ പഠനം പൂര്‍ത്തിയാക്കിയിരുന്നു. ഹൗസ് സര്‍ജന്‍സിയും കഴിഞ്ഞ് ഗ്രാമത്തിലെ ചെറുകിട ആശുപത്രിയില്‍ കുറഞ്ഞ ശമ്പളത്തില്‍ നൈറ്റ് ഡ്യൂട്ടിയുമൊക്കെയായി ജീവിതം തള്ളി നീക്കുകയാണ് ശ്രീലേഖ. താന്‍ ഇറങ്ങിപ്പോയതിനുപിന്നാലെ നെഞ്ചുവേദനയെടുത്തുവീണ അച്ഛന്‍ അകാലത്തില്‍ മരണമടയുകയും ചെയ്തിരുന്നു. വീട്ടിലേക്ക് തിരിച്ചുചെല്ലാന്‍ ആകാതെ ഒരു ഗ്രാമത്തിന്റെ മുഴുവന്‍ പ്രതീക്ഷകള്‍ തകര്‍ത്തെറിഞ്ഞതിന്റെ വേദനയുംപേറി വാടകവീടും ആശുപത്രിയുമായി ജീവിതം തള്ളിനീക്കുകയാണ് ശ്രീലേഖ.

അധ്യാപിക ഒളിച്ചോടിയത് മരണത്തിലേക്ക്

എറണാകുളം ജില്ലയിലെ ഞാറയ്ക്കല്‍ പൊലിസ് സ്റ്റേഷനില്‍ ഈ വര്‍ഷം ആദ്യം 65 വയസുകാരനായ ഏലിയാസിന്റെ ഒരു പരാതി ലഭിച്ചു. എറണാകുളത്തെ ഒരു പ്രമുഖ സ്‌കൂളിലെ അധ്യാപികയായ തന്റെ മകള്‍ ആലിസിനെ രണ്ടുദിവസമായി കാണാനില്ലെന്നായിരുന്നു പരാതി. പരാതി രജിസ്റ്റര്‍ ചെയ്ത് പൊലിസ് അന്വേഷണം ആരംഭിച്ചപ്പോഴാണ് അധ്യാപകര്‍ക്കുതന്നെ മാനക്കേടുണ്ടാക്കുന്ന തരത്തിലുള്ള ഒരു പ്രണയകഥയുടെ ചുരുളഴിയുന്നത്. ആലിസ് ആ സ്‌കൂളിലെ തന്നെ മാനേജറായ ജോര്‍ജുകുട്ടിയുമായി പ്രണയത്തിലായിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞിരുന്നു. സ്‌കൂളില്‍ അധ്യാപികയുടെയും മാനേജറുടെയും പ്രണയം സംസാരവിഷയമായതോടെ മാനേജറെ അതേ മാനേജ്‌മെന്റിന്റെ തന്നെ കീഴിലുള്ള മറ്റൊരു സ്‌കൂളിലേക്ക് സ്ഥലംമാറ്റുകയായിരുന്നു. എന്നാല്‍, സ്ഥലംമാറ്റമൊന്നും ഇവരുടെ തുടര്‍ന്നുള്ള ബന്ധത്തിന് തടസമായില്ല. വിവരം അറിഞ്ഞതോടെ മാനേജറെ വിളിച്ച് മാനേജിങ് കമ്മിറ്റി താക്കീത് നല്‍കി. എന്നിട്ടും ഇവരുടെ ബന്ധം തുടരുകയായിരുന്നു. മാനേജറുടെ ഫ്‌ളാറ്റിലെ സ്ഥിരം സന്ദര്‍ശകയായി അധ്യാപിക മാറി. ഇവരുടെ ബന്ധം കൂടുതല്‍ വഷളാകുകയായിരുന്നു. ഒരുമിച്ച് ജീവിക്കാന്‍ തയാറായ ഇവര്‍ ജോര്‍ജുകുട്ടിയുടെ ബംഗളൂരുവിലെ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ളാറ്റിലേക്ക് പോയി. എന്നാല്‍, അവിടെയെത്തി ദിവസങ്ങള്‍ക്കുള്ളിലാണ് മാനേജരുടെ അച്ഛനും അമ്മയും ബന്ധുക്കളും എത്തി അയാളെ പിടിച്ചുകൊണ്ടുപോയത്. പിന്നീട് പലതവണ ജോര്‍ജുകുട്ടിയുടെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും ഫോണ്‍ സ്വിച്ച് ഓഫ് എന്ന സന്ദേശമാണ് അധ്യാപികയ്ക്ക് ലഭിച്ചത്. തിരിച്ച് നാട്ടിലെത്തി സ്‌കൂളില്‍ പോകാനോ ഇല്ലെങ്കില്‍ മറ്റ് ഏതെങ്കിലും സ്‌കൂളിലേക്ക് ജോലി അന്വേഷിക്കാനോ ആലീസിന് മനോധൈര്യമില്ലായിരുന്നു. ഗണിതശാസ്ത്രത്തില്‍ മാസ്റ്റര്‍ ഡിഗ്രിയും ബി.എഡും ഒക്കെ നേടി അധ്യാപനം തിരഞ്ഞെടുത്ത ആലിസ് അങ്ങനെ വിഷം കഴിച്ച് ജീവിതം അവസാനിപ്പിക്കുകയായിരുന്നു. ആലിസിന്റെ പിതാവിന്റെ പരാതിയെ തുടര്‍ന്ന് അന്വേഷണം നടത്തിയ പൊലിസാണ് ബംഗളൂരുവിലെ ഫ്‌ളാറ്റില്‍ മരിച്ചുകിടക്കുന്ന ആലിസിനെ കണ്ടെത്തിയത്.

ആവാം; ചില മുന്‍കരുതലുകള്‍


1. പരിചയമില്ലാത്ത നമ്പറുകളില്‍ നിന്ന് മിസ്ഡ് കോളുകള്‍ വന്നാല്‍ തിരിച്ചു വിളിക്കാതിരിക്കുക.
2. ശല്യം വര്‍ധിക്കുമ്പോള്‍ രക്ഷാകര്‍ത്താക്കളെയും അധ്യാപകരെയും ഇടപെടുവിക്കണമെന്ന് കുട്ടികളെ ബോധവല്‍ക്കരിക്കുക.
3. വിശ്വാസമുള്ള കേന്ദ്രങ്ങളില്‍ നിന്നുമാത്രം മൊബൈല്‍ റീചാര്‍ജിങ് നടത്തുക. കഴിവതും വീട്ടിലെ മുതിര്‍ന്നവരെക്കൊണ്ടോ അല്ലെങ്കില്‍ ഓണ്‍ലൈന്‍ വഴിയോ റീച്ചാര്‍ജിങ് ശീലമാക്കുക.
4. വാട്‌സ് ആപ്പുകളില്‍ വരുന്ന പരിചയമില്ലാത്ത സന്ദേശങ്ങളോട് പ്രതികരിക്കാതിരിക്കുക. 
5. കുട്ടികളുടെ ബാഗും മുറിയും ഇടയ്ക്കിടെ പരിശോധിക്കുകയും അസമയത്ത് സംസാരിക്കുന്നതും സന്ദേശങ്ങള്‍ അയക്കുന്നതും ശ്രദ്ധിക്കുകയുംവിലക്കുകയും ചെയ്യുക. 
6. മൊബൈല്‍ നന്നാക്കാന്‍ കൊടുക്കുമ്പോള്‍ മെമ്മറി കാര്‍ഡുകള്‍ നീക്കം ചെയ്ത ശേഷം കൊടുക്കുക. തികച്ചും സ്വകാര്യനിമിഷങ്ങള്‍ മൊബൈലില്‍ ചിത്രീകരിക്കാതിരിക്കുക.
7. പെണ്‍മക്കളുടെ കൂട്ടുകാരികളോട് മാതാക്കളും ചങ്ങാത്തം കൂടുക. പലപ്പോഴും മക്കളുടെ പെരുമാറ്റം സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ ആദ്യമറിയാന്‍ ഇത് സഹായകമാവും.
8. മക്കള്‍ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇടക്കിടെ സന്ദര്‍ശിക്കുകയും അധ്യാപകരുമായി സംസാരിക്കുകയും ചെയ്യുക. സ്ഥാപനങ്ങളിലെ സമയ ക്രമം അറിഞ്ഞിരിക്കുക. സ്‌പെഷ്യല്‍ ക്ലാസുള്ള ദിവസങ്ങള്‍ സ്ഥാപനങ്ങളില്‍ വിളിച്ച് ഉറപ്പുവരുത്തുക.
9. മക്കളോട് സുഹൃത്തിനോടെന്ന പോലെ പെരുമാറുക. എന്തും തുറന്ന് സംസാരിക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പുവരുത്തുക.
10. കുട്ടികളുടെ നേട്ടങ്ങളില്‍ അഭിനന്ദിക്കാന്‍ മറക്കരുത്. വീട്ടില്‍നിന്ന് അഭിനന്ദനവും പ്രശംസയും കിട്ടാതാകുമ്പോഴാണ് കെണിയൊരുക്കുന്നവരുടെ അഭിനന്ദനങ്ങളില്‍ കുട്ടികള്‍ വീഴുന്നത്.
11. ഇറുകിയ വസ്ത്രങ്ങളും ശരീരഘടന വ്യക്തമാകുന്ന വസ്ത്രങ്ങളുമെല്ലാം കെണിയൊരുക്കുന്നവര്‍ക്കുള്ള ആകര്‍ഷണമാണ് എന്നത് മറക്കാതിരിക്കുക.
12. വീട്ടില്‍ ജോലിക്ക് വരുന്നവര്‍ക്ക് ഭക്ഷണവും മറ്റും മുതിര്‍ന്നവര്‍തന്നെ എത്തിച്ചുകൊടുക്കുക. അവരുമായുള്ള അമിത ചങ്ങാത്തം ഒഴിവാക്കുക.
13. പരിചിതരും അപരിചിതരുമായ പുരുഷന്‍മാരോട് സംസാരിക്കേണ്ടി വരുമ്പോള്‍ ഗൗരവത്തില്‍ തന്നെ സംസാരിക്കാന്‍ പഠിപ്പിക്കുക. ഇതിന് മുതിര്‍ന്നവരും മാതൃകയാവുക.
14. വീട്ടില്‍ നിന്ന് കുട്ടികള്‍ക്ക് സ്‌നേഹവും കരുതലും കിട്ടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. വീട്ടില്‍ ഇത് കിട്ടാതെ വരുമ്പോഴാണ് മറ്റ് ചതിക്കുഴികളിലേക്ക് അവര്‍ ആകര്‍ഷിക്കപ്പെടുന്നത്.
15. തെറ്റുകളോട് മാന്യമായി പ്രതികരിക്കുക. തെറ്റുകള്‍ മനുഷ്യസഹജമാണെന്നും ഇനി ആവര്‍ത്തിക്കപ്പെടാതെ ശ്രദ്ധിക്കണമെന്നതും വാല്‍സല്യത്തോടെ ഉപദേശിക്കുക.


കാമുകനെത്തിയപ്പോള്‍ ഭര്‍ത്താവിനെയും മകളെയും ഉപേക്ഷിച്ചു


കോഴിക്കോട്ടുകാരിയായ ഹലീമയ്ക്ക് കോളജില്‍ പഠിക്കുമ്പോള്‍ ഒരു പ്രണയമുണ്ടായിരുന്നു. തന്റെ അതേ ബാച്ചിലെതന്നെ വിനീത് കുമാറായിരുന്നു കഥാനായകന്‍.ഇരുവരുംതമ്മിലുള്ള ബന്ധം കോളജില്‍ പാട്ടാകുകയും വിവരം ഹലീമയുടെ വീട്ടിലറിയുകയും ചെയ്തു.മാതാപിതാക്കളുടെ നിരന്തരപരിശ്രമഫലമായി ഹലീമ ആ ബന്ധത്തില്‍നിന്ന് അല്‍പം പിന്നോട്ട് പോകാന്‍ തുടങ്ങി. കോളജ് വിദ്യാഭ്യാസം കഴിഞ്ഞപ്പോള്‍ ആ ബന്ധം അവസാനിച്ചെന്ന ഉറച്ച വിശ്വാസത്തില്‍ മാതാപിതാക്കള്‍ ഹലീമയ്ക്ക് വിവാഹാലോചന നടത്തി. 

എതിരൊന്നും ഹലീമ പറയാതിരുന്നതിനാല്‍ മകള്‍ പൂര്‍ണസമ്മതത്തോടെയാണ് വിവാഹത്തിന് സമ്മതിക്കുന്നതെന്ന ധാരണയായിരുന്നു. കണ്ണൂര്‍ ജില്ലയിലെ പ്രമുഖ വിദ്യാലയത്തിലെ അധ്യാപകനായിരുന്നു വരന്‍.വളരെ ആഘോഷമായി വിവാഹവും നടന്നു.പുതിയ വീട്ടില്‍ മകള്‍ക്കും ഭര്‍ത്താവിനുമൊപ്പം കഴിയുമ്പോഴും വളരെ രഹസ്യമായി ഫോണിലൂടെ തന്റെ കോളജിലെ പഴയ ഇഷ്ടക്കാരനുമായി ഹലീമ ബന്ധം തുടരുകയായിരുന്നു. വീട്ടിലെ ലാന്റ് ഫോണിലൂടെ ഭര്‍ത്താവ് സ്‌കൂളിലായിരുന്ന സമയത്തായിരുന്നു ഇവരുടെ ഫോണ്‍വിളികള്‍. ഒരു ദിവസം കണ്ണൂരില്‍നിന്നു കോഴിക്കോട്ടെ സ്വന്തം വീട്ടിലെത്തിയ ഹലീമ ടൗണില്‍പോകുന്നു എന്നുപറഞ്ഞ് വിനീത് കുമാറിന്റെ അടുത്തേക്കാണ് പോയത്.അഞ്ച് വര്‍ഷം തന്നെ വഞ്ചിച്ച് കൂടെ നിന്ന ഭാര്യയെ ഉപേക്ഷിക്കുകയല്ലാതെ ആ അധ്യാപകന് മറ്റ് മാര്‍ഗമില്ലായിരുന്നു. ഹലീമയുടെ പിതാവ് മൂന്നരവയസുള്ള മകളെ ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍, വിനീത്കുമാര്‍ ഹലീമയെ സ്വീകരിച്ചില്ല എന്നത് മറ്റൊരു വസ്തുത.
തന്റെ ഭാര്യയെ ഉപേക്ഷിക്കാന്‍ അയാള്‍ തയാറായിരുന്നില്ല. ഭാര്യയെ നിലനിര്‍ത്തി ഹലീമയുമായി ബന്ധം തുടരാനായിരുന്നു ഇയാളുടെ പരിപാടി.ചതി മനസിലാക്കി തിരികെവന്ന ഹലീമയെ വര്‍ഷങ്ങള്‍ കഴിഞ്ഞ് മറ്റൊരാള്‍ക്ക് വിവാഹം കഴിപ്പിച്ചുവിട്ടു. എന്നാല്‍, ആ വിവാഹവും പരാജയമായിരുന്നു. ഇപ്പോള്‍ വീട്ടുകാരില്‍ നിന്നും നാട്ടുകാരില്‍ നിന്നും അകന്ന് കഴിയുകയാണ് ഹലീമ.


പ്ലസ്ടു വിദ്യാര്‍ഥിനി ഒളിച്ചോടിയത് ഇതരസംസ്ഥാന തൊഴിലാളിക്കൊപ്പം


മലപ്പുറം ജില്ലയിലെ ഒരുഗ്രാമത്തില്‍നിന്നു മുബീന പത്താംക്ലാസ് മെച്ചപ്പെട്ട രീതിയില്‍ പൂര്‍ത്തിയാക്കി ഉപരിപഠനത്തിന് അര്‍ഹതനേടിയപ്പോള്‍ നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കുമൊക്കെ ഒരുപോലെ പ്രതീക്ഷയായിരുന്നു. എന്നാല്‍, സ്വപ്നങ്ങളൊക്കെ പൊലിയാന്‍ അധികനാള്‍വേണ്ടിവന്നില്ല. മുബീന പ്ലസ് വണ്‍ പഠിക്കാന്‍ ചേര്‍ന്ന സ്ഥാപനം വീട്ടില്‍ നിന്നു കുറച്ചകലെയായിരുന്നു. സ്ഥിരമായി പോയിരുന്ന മിനി ബസിലെ കണ്ടക്ടറുമായി മുബീന അടുപ്പത്തിലായി. പഠനത്തില്‍ അശ്രദ്ധകാണിച്ച മുബീനയെ അധ്യാപകര്‍ നിരീക്ഷിച്ചുതുടങ്ങിയപ്പോഴാണ് മുബീനയുടെ മനംമാറ്റത്തിന്റെ യഥാര്‍ഥകാരണം മനസിലാകുന്നത്. ബസ് കണ്ടക്ടറായി ജോലിചെയ്തിരുന്ന ഇതരസംസ്ഥാനക്കാരനായ തമ്പിമാണിക്യവുമായി മുബീന നിരന്തരം ഫോണില്‍ സംസാരിക്കുന്നുണ്ടെന്ന്.മുബീനയുടെ ബാഗ് പരിശോധിച്ചപ്പോഴാണ് തമ്പി സമ്മാനിച്ച മൊബൈല്‍ഫോണ്‍ കണ്ടെത്തുന്നത്. മുബീനയോട് വീട്ടുകാരും അധ്യാപകരുമൊക്കെ ഈ ബന്ധത്തിന്റെ പ്രത്യാഘാതങ്ങള്‍ പറഞ്ഞുമനസിലാക്കിയെങ്കിലും മുബീന രഹസ്യമായി ഇയാളുമായുള്ള ബന്ധം തുടരുകയായിരുന്നു. മൊബൈല്‍ഫോണ്‍വിളിയും സ്‌കൂളിലേക്കുള്ള ബസ്‌യാത്രയുമൊക്കെ അവസാനിപ്പിച്ചതോടെ മകള്‍ എല്ലാം മറന്നെന്ന ചിന്തയിലായിരുന്നു മാതാപിതാക്കള്‍. 
18വയസു തികഞ്ഞാലുടന്‍ മുബീനയെ വിവാഹം കഴിപ്പിച്ചയക്കാനും തീരുമാനിച്ചു. വിദേശത്തുള്ള സഹോദരന്റെ വിവാഹം നിശ്ചയിച്ച ദിവസം തന്നെ മുബീനയുടെ വിവാഹവും നിശ്ചയിച്ചു. വിവാഹത്തിന് ഒരാഴ്ച മുന്നേ സുഹൃത്തുക്കളെ വിവാഹം ക്ഷണിക്കാന്‍ വീടുവിട്ടിറങ്ങിയ മുബീന പോയത് തമ്പിയുടെ അടുത്തേക്കായിരുന്നു. രണ്ടുപേരും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. മുബീനപോയപ്പോള്‍ തനിക്ക് 18 തികഞ്ഞെന്ന് തെളിയിക്കുന്ന രേഖകളെടുക്കാന്‍ മറന്നിരുന്നില്ല.അച്ചടക്കത്തോടെ മാന്യമായ വസ്ത്രവും ജീവിതരീതിയും പിന്തുടര്‍ന്ന മുബീന എങ്ങനെയാണ് അന്യസംസ്ഥാനതൊഴിലാളിയുടെ ഒറ്റമുറി വാടക ക്വാര്‍ട്ടേഴ്‌സില്‍ എത്തിപ്പെട്ടതെന്ന് ഇന്നും നാട്ടുകാര്‍ക്ക് ഉത്തരംകിട്ടാത്ത ചോദ്യമാണ്.


എല്ലാം തകര്‍ത്തെറിഞ്ഞ ഫോട്ടോഗ്രാഫി


കണ്ണൂരില്‍ ഒരുവര്‍ഷംമുമ്പ് മൊബൈല്‍ ഫോണ്‍ ടെക്‌നീഷ്യനായ ഹര്‍ഷന്‍ വീട്ടിനുള്ളില്‍ ആത്മഹത്യചെയ്ത വാര്‍ത്ത സാമൂഹ്യമാധ്യമങ്ങളില്‍ വാര്‍ത്തയായത് ഒരുപെണ്‍കുട്ടിയുടെ ചിത്രങ്ങളുമായി ബന്ധപ്പെട്ടായിരുന്നു. ഹര്‍ഷന്‍ ആത്മഹത്യചെയ്യുന്നതിനുമുന്‍പ് അതിനുകാരണം അന്വേഷിക്കുന്നവര്‍ക്കുള്ള ഉത്തരംകൂടിയായിരുന്നു ആ ചിത്രങ്ങള്‍. ടെക്‌നീഷ്യനു പുറമെ വിഡിയോഗ്രാഫര്‍ ജോലിയും ചെയ്തിരുന്ന ഹര്‍ഷന്‍ ഒരു വിവാഹവീട്ടില്‍ ജോലിക്കു പോയപ്പോള്‍ പരിചയപ്പെട്ട അഖിലയുമായി അടുപ്പത്തിലായി. ഈ ബന്ധം പിന്നീട് ഒരുമിച്ചുള്ള യാത്രയിലും ഒപ്പം താമസിക്കുന്നതിലും വരെയെത്തി. ഒട്ടേറെ ദിവസങ്ങള്‍ അഖിലയുമായി അന്യസംസ്ഥാനത്തടക്കം ചെലവഴിച്ച യുവാവ് വിവാഹത്തിനായി അഖിലയുടെ വീട്ടുകാരെ സമീപിച്ചപ്പോഴാണു മറ്റൊരാളുമായി വിവാഹമുറപ്പിച്ച വിവരമറിയുന്നത്.
പഠിക്കുമ്പോഴാണ് അഖില ഹര്‍ഷനുമായി അടുപ്പത്തിലായത്. വൈകാതെ ന്യൂജനറേഷന്‍ ബാങ്കില്‍ ജോലി ലഭിച്ച അഖിലയ്ക്ക് നല്ല ആലോചന വന്നതോടെ വീട്ടുകാര്‍ വിവാഹമുറപ്പിച്ചു.എന്നാല്‍, ഇക്കാര്യം ഹര്‍ഷനോട് അഖില പറഞ്ഞതുമില്ല. ഇതോടെ കടുത്ത വിഷാദത്തിനടിമപ്പെട്ട യുവാവ് വീട്ടില്‍വച്ച് തന്നെ ജീവിതമവസാനിപ്പിക്കുകയായിരുന്നു. മകന്റെ മരണത്തിനുശേഷമാണ് വീട്ടുകാര്‍ പ്രേമവും നിരാശയുമൊക്കെ അറിയുന്നത്. സാമൂഹ്യമാധ്യമങ്ങളിലൂടെ മകന്റെയും പെണ്‍കുട്ടിയുടെയും ഫോട്ടോ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെതുടര്‍ന്നായിരുന്നു ഇത്. താനും അഖിലയുമായി വിവിധ സ്ഥലങ്ങളില്‍വച്ചെടുത്ത ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനുശേഷമായിരുന്നു ഹര്‍ഷന്‍ ജീവിതം അവസാനിപ്പിച്ചത്. അഖിലയുടെ പുതിയ കുടുംബജീവിതത്തില്‍ ഈ ഫോട്ടോകള്‍ എത്രത്തോളം വിള്ളലുണ്ടാക്കിയെന്ന് പറയേണ്ടതില്ലല്ലോ.
(പരമ്പരയില്‍ പരാമര്‍ശിക്കുന്ന 
പേരുകള്‍ സാങ്കല്‍പ്പികമാണ്)

ഒളിച്ചോട്ടങ്ങളിലേക്ക് നയിക്കുന്ന മൊബൈല്‍ ചതിക്കുഴികള്‍



മിസ്ഡ് കാള്‍ കുരുക്ക്
അപ്രതീക്ഷിതമായി വഴിതെറ്റിയെത്തുന്ന ചില കാളുകളാണ് വീട്ടമ്മമാര്‍ അടക്കം പലരെയും വേണ്ടാത്ത ബന്ധങ്ങളിലേക്ക് എത്തിക്കുന്നത്. രണ്ടുതരത്തില്‍ മിസ്ഡ് കാളുകള്‍ വില്ലനാകാറുണ്ട്. ഒന്ന്; വേണ്ടപ്പെട്ട ആരെയെങ്കിലും വിളിക്കുമ്പോള്‍ അബദ്ധത്തില്‍ ഒരക്കം തെറ്റിയാല്‍ ഉദ്ദേശിക്കാത്ത മറ്റാര്‍ക്കെങ്കിലുമാകും വിളിയെത്തുക. ‘സോറി’ പറഞ്ഞ് കാള്‍ കട്ടുചെയ്താലും സ്ത്രീ ശബ്ദംകേള്‍ക്കുന്ന മറുവശത്തുള്ളയാള്‍ വീണ്ടും വീണ്ടും വിളിച്ചുകൊണ്ടിരിക്കും. നിര്‍ദോഷമായ പരിചയപ്പെടലില്‍ തുടങ്ങി പലപ്പോഴും അരുതാത്ത ബന്ധങ്ങളിലേക്ക് വളരുകയും ചെയ്യും.
രണ്ടാമത്തെ ഒരുവിഭാഗം: ഏതെങ്കിലും ‘ഇരകള്‍’ കൊത്തുമെന്ന പ്രതീക്ഷയില്‍ വിവിധ അക്കങ്ങള്‍ മാറ്റിമാറ്റി വിളിച്ചുകൊണ്ടിരിക്കും. ഫോണ്‍ എടുക്കുന്നത് പുരുഷന്മാരാണെങ്കില്‍ ക്ഷമ പറഞ്ഞ് കാള്‍ കട്ടുചെയ്യും. സ്ത്രീകളാണെങ്കില്‍, വളരെ മധുരമായി സങ്കല്‍പത്തിലുള്ള ഏതെങ്കിലും പേര് ചോദിച്ച് അയാളാണോ എന്ന് ചോദിക്കും. അല്ലെങ്കില്‍, സ്വന്തം പേരുപറഞ്ഞ് പരിചയപ്പെടുത്തലും പേര് ചോദിക്കലുമൊക്കെയാകും. ബോധപൂര്‍വം നടത്തുന്ന ഈ മിസ്ഡ് കാളുകളില്‍ പക്വതയില്ലാത്ത പലരും വീഴുകയും ചെയ്യും. ഈയിടെ കോഴിക്കോട് ജില്ലയില്‍ പൊലിസിന്റെ പിടിയിലായ ഒരു കൗമാരക്കാരന്‍ വിവിധ പ്രായത്തിലുള്ള നൂറോളം സ്ത്രീകളുമായി ഇത്തരം മിസ്ഡ്കാള്‍ ബന്ധം സ്ഥാപിച്ചതായാണ് കണ്ടെത്തിയത്.
നമ്പര്‍ കൈമാറും കേന്ദ്രങ്ങള്‍
പെണ്‍ കുട്ടികളുടെ നമ്പര്‍ സംഘടിപ്പിച്ച് കൈമാറുന്ന സംഘത്തെതന്നെ മാസങ്ങള്‍ക്ക് മുന്‍പ് മധ്യകേരളത്തില്‍ പൊലിസ് പിടികൂടിയിരുന്നു. ഒരു പെണ്‍ കലാലയത്തിലെ കുട്ടികളുടെ നമ്പറുകളിലേക്ക് സ്ഥിരമായി ശല്യപ്പെടുത്തല്‍ കാളുകള്‍ വന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘത്തെക്കുറിച്ച് സൂചന ലഭിച്ചത്. കലാലയത്തിനടുത്ത് റീചാര്‍ജിങ് കേന്ദ്രത്തില്‍ മൊബൈല്‍ റീച്ചാര്‍ജ് ചെയ്യാനെത്തുന്ന വിദ്യാര്‍ഥിനികളുടെ നമ്പര്‍ ശേഖരിച്ച് കൈമാറുകയായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തന രീതി.
വടക്കന്‍ കേരളത്തില്‍, ഭര്‍ത്താവ് ഗള്‍ഫിലുള്ള സ്ത്രീകളുടെ നമ്പറുകള്‍ ഇങ്ങനെ ശേഖരിച്ച് കൈമാറുന്ന സംഘങ്ങളുമുണ്ടെന്ന് പൊലിസ് വിശദീകരിക്കുന്നു. ഇവിടെയും വില്ലനാകുന്നത് റീചാര്‍ജിങ് കടകള്‍തന്നെ. രാജ്യവ്യാപകമായിത്തന്നെ ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ചില സര്‍വിസ് പ്രൊവൈഡര്‍മാര്‍ നമ്പര്‍ കൈമാറാതെതന്നെ റീചാര്‍ജിങ്ങിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. നാട്ടിലുള്ള ഭാര്യയുടെ നമ്പര്‍ ഇങ്ങനെ മറ്റുള്ളവര്‍ ദുരുപയോഗിക്കാതിരിക്കാന്‍ ഗള്‍ഫില്‍നിന്ന് നേരിട്ട് മൊബൈല്‍ റീചാര്‍ജ് ചെയ്ത് കൊടുക്കുന്നവരും ഏറെയാണ്. കരുതെലന്ന നിലക്ക് സ്വന്തം നിലയില്‍ ഓണ്‍ലൈന്‍ റീചാര്‍ജിങ് നടത്തുന്ന സ്ത്രീകളുമുണ്ട്.

അവര്‍ കടന്നുവരുന്നു; മൊബൈല്‍ ഫോണിലൂടെയും



കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടയില്‍ മനുഷ്യരാശി ഏറ്റവുമധികം അടിപ്പെട്ട ഒരു കണ്ടുപിടുത്തം മൊബൈല്‍ ഫോണ്‍ ആണ്. കണ്ണടച്ചുതുറക്കുന്നതിനേക്കാള്‍ വേഗത്തിലാണ് മൊബൈല്‍ ഫോണ്‍ നമ്മുടെയൊക്കെ ജീവിതത്തിലെ അവിഭാജ്യ ഘടകമായി മാറിയത്. 1990കളുടെ മധ്യത്തില്‍,വിവരമറിയിക്കുന്നതിനുള്ള പേജര്‍ സംവിധാനമായാണ് കടന്നുവരവ്. പേജര്‍ പെട്ടന്നുതന്നെ അപ്രസക്തമായി. പകരം സെല്‍ ഫോണുകള്‍ വ്യാപകമായി. 
ഇന്ന് ലോകത്ത് ഏറ്റവുമധികം കണ്ടുപിടുത്തങ്ങള്‍ നടക്കുന്നത് സെല്‍ ഫോണുകളുടെ രംഗത്താണ്. ആദ്യകാലത്ത് സംസാരിക്കാന്‍ മാത്രം ഉപയോഗിച്ചിരുന്ന ഫോണുകള്‍ പിന്നീട് സന്ദേശങ്ങള്‍ അയക്കാനും ചിത്ര സന്ദേശങ്ങള്‍ അയക്കാനുമൊക്കെയായി വികസിച്ചു. പിന്നീട്, അതിവേഗത്തിലാണ് ഫോണ്‍ സ്മാര്‍ട്ടായി മാറിയത്. മൊബൈല്‍ ഇന്റര്‍നെറ്റുകൂടി വ്യാപകമായതോടെ ചിത്രങ്ങളെടുക്കാനും അയക്കാനും മുതല്‍ പരസ്പരം കണ്ട് സംസാരിക്കാനുമൊക്കെ ഉപകാരപ്പെടുന്നതായി മാറി. ഓരോ പരിഷ്‌കാരവും ഒരുപാട് സൗകര്യങ്ങള്‍ നമുക്ക് കൊണ്ടുതരുന്നുണ്ട്. പക്ഷേ, മൊബൈല്‍ ഫോണ്‍ രംഗത്ത് നടക്കുന്ന പരിഷ്‌കാരങ്ങളുടെ അതേവേഗത്തില്‍തന്നെ അതില്‍ ചതിക്കുഴികളും രൂപപ്പെടുന്നുണ്ടെന്നത് മറന്നുകൂടാ.

സമ്പന്നതയുടെ മടിത്തട്ടില്‍നിന്ന് വറുതിയുടെ വറച്ചട്ടിയിലേക്ക്
തൃശൂര്‍കാരിയായ സബീന എന്ന ലക്ഷ്മിക്ക് ഒരു പ്രാര്‍ഥനയെയുള്ളൂ. തന്റെ കൂരയ്ക്കുമുന്നില്‍ ആര്‍ത്തിരമ്പുന്ന കടല്‍ ഒന്ന് വീശി അടിച്ചെങ്കില്‍, ഈ കൂരയും താനും അതില്‍ ഒലിച്ചുപോയെങ്കില്‍. ഇരുപത് വര്‍ഷം മുമ്പ് താന്‍ തിരഞ്ഞെടുത്ത ജീവിതം പൊട്ടിച്ചെറിഞ്ഞ് മക്കളെയും കൊണ്ട് മരണത്തിലേക്കോ പുതിയ ജീവിതത്തിലേക്കോ രക്ഷപ്പെടാന്‍ വെമ്പല്‍കൊള്ളുകയാണ് സബീന. സമ്പന്നനായ പ്രവാസി മലയാളിയുടെ ഒറ്റമകളായിരുന്നു സബീന. അനുജനും ഉമ്മയും ബാപ്പയും അടങ്ങുന്നതായിരുന്നു സബീനയുടെ കുടുംബം. ബാപ്പ വിദേശത്ത് നല്ല തൊഴിലില്‍ ഏര്‍പ്പെട്ടിരുന്നതിനാല്‍ സബീനയ്ക്ക് ഒന്നിനും ഒരു കുറവ് വന്നിട്ടില്ല. സബീന സ്‌കൂളില്‍ കൊണ്ടുചെല്ലുന്ന ഗള്‍ഫ് സാധനങ്ങള്‍ കണ്ട് സഹപാഠികള്‍ അന്ധാളിച്ചിരുന്നു. മുന്തിയ വസ്ത്രങ്ങളും കാറും ഉള്‍പ്പെടെയുള്ള എല്ലാ സുഖസൗകര്യങ്ങളും ഗള്‍ഫിലുള്ള ബാപ്പ ഒരുക്കിയിരുന്നു. സ്‌കൂളില്‍ പോകുകയും വരികയുമൊക്കെ ചെയ്യുമ്പോള്‍ നാട്ടുകാരെയും വീട്ടുകാരെയും കൊണ്ടൊക്കെ നല്ലത് പറയിപ്പിച്ച സബീന വീട്ടിലെ പറമ്പുവൃത്തിയാക്കാന്‍ വരുന്ന പണിക്കാരനുമായി അടുപ്പത്തിലായത് ആരും അറിഞ്ഞില്ല. ഒരര്‍ഥത്തില്‍ സബീനയുടെ മാതാവ് തന്നെയാണ് അതിന് വഴിവച്ചുകൊടുത്തതും. പണിക്കാരനായ കാര്‍ത്തികേയനെയും സബീനയെയും ഒറ്റക്കാക്കിയിട്ടായിരുന്നു പലപ്പോഴും ഉമ്മയുടെ ബന്ധുവീടുസന്ദര്‍ശനം. ഇത്തരം അവസരങ്ങളില്‍ ഇയാള്‍ക്ക് ഭക്ഷണം നല്‍കാനും സബീനയോട് പറയുമായിരുന്നു. ഇങ്ങനെ തുടങ്ങിയ അടുപ്പമാണ് ഇരുവരെയും ഒളിച്ചോട്ടത്തിലേക്ക് നയിച്ചത്. ഒളിച്ചോടണമെന്നോ കുടുംബത്തിന് പേരുദോഷമുണ്ടാക്കണമെന്നോ സബീനയ്ക്ക് ചിന്തയില്ലായിരുന്നു. എന്നാല്‍, കാര്‍ത്തികേയന്‍ അവളെ നിര്‍ബന്ധിച്ചുകൊണ്ടേയിരുന്നു. അവളുടെ ഉമ്മയുടെ സ്വാര്‍ണാഭരണങ്ങളിലും അലമാരിയില്‍ എപ്പോഴും കെട്ടുകെട്ടായി ഇരിക്കുന്ന നോട്ടുകളിലുമായിരുന്നു അവന്റെ നോട്ടം. എസ്.എസ്.എല്‍.സി കഴിഞ്ഞയുടന്‍ സബീന കാര്‍ത്തികേയനുമായി ഒളിച്ചോടി. ആദ്യം ചേര്‍പ്പിലും പിന്നെ മാഹിയിലും പാലക്കാടും ഒക്കെ താമസിച്ചു. പൊന്നും പണവും തീര്‍ന്നപ്പോള്‍ കാര്‍ത്തികേയന്‍ തനിസ്വരൂപം കാണിക്കാന്‍ തുടങ്ങി. എല്ലാ സുഖസൗകര്യങ്ങളുമുണ്ടായിരുന്നിടത്തുനിന്ന് വൃത്തിപോലുമില്ലാത്തിടത്താണ് താന്‍ എത്തപ്പെട്ടതെന്ന് സബീനയ്ക്ക് ആദ്യം തന്നെ പിടികിട്ടിയിരുന്നു. കള്ളുകുടിച്ചുവന്ന് എപ്പോഴും ദ്രോഹിക്കുന്ന കാര്‍ത്തികേയന് സബീന ആരോടെങ്കിലും മിണ്ടിയാല്‍പോലും സംശയമായിരുന്നു. ഇതിനകം മൂന്ന് ആണ്‍മക്കള്‍ക്കും സബീന ജന്മം നല്‍കി. ഇപ്പോള്‍ അവര്‍ക്ക് 15ഉം 13ഉം 12ഉം ആണ് പ്രായം. 20 വര്‍ഷം മുമ്പ് തനിക്ക് ആവശ്യമുള്ളതെല്ലാം തീന്‍മേശപ്പുറത്ത് റെഡിയായിരുന്നെങ്കില്‍ ഇന്ന് സബീന വയറുനിറച്ച് ഉണ്ടിട്ട് കാലമേറെയായി. തനിക്കൊപ്പം വളര്‍ന്ന മക്കളെ പോറ്റാന്‍ പാടുപെടുകയാണ്. കാര്‍ത്തികേയന്‍ കള്ളുകുടിച്ച് കടപ്പുറത്ത് ബഹളംവക്കുന്നത് പതിവാക്കിയിരിക്കുന്നു. തന്റെ കഥ പുറംലോകം അറിയണമെന്നാണ് ഇപ്പോള്‍ സബീനയുടെ ആഗ്രഹം. ബാപ്പയേയും ഉമ്മയേയും ബന്ധുക്കളെയും ധിക്കരിച്ച് സമുദായത്തിന് പേര്‌ദോഷം വരുത്തിവക്കുന്ന ഒരു സബീനമാരും ഇനി ഉണ്ടാകല്ലെ എന്നാണ് ഇവരുടെ ഇപ്പോഴത്തെ പ്രാര്‍ഥന.


ഭര്‍ത്താവിനെ ഉപേക്ഷിച്ച യുവതിയെ കാമുകന്‍ കൈയൊഴിഞ്ഞു

മലപ്പുറം ജില്ലയിലെ ഒരുഗ്രാമത്തില്‍ നിന്നാണ് ഉസ്മാന്‍ വഹീദയെ വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ് ലീവിനുശേഷം ഉസ്മാന്‍ റിയാദിലേക്ക് തിരിച്ചുപോയതിനെതുടര്‍ന്ന് വഹീദ സ്വന്തം വീട്ടിലേക്ക് പോകാന്‍ ഓരോ കാരണം കണ്ടെത്താന്‍ തുടങ്ങി. ഇടക്കിടക്ക് ഉസ്മാന്റെ വീട്ടുകാരോട് പിണങ്ങി വഹീദ സ്വന്തം വീട്ടിലേക്ക് പോകുന്നത് ഇരു വീട്ടുകാരെയും ആശങ്കയിലാക്കി. ഇതിനുകാരണം കണ്ടെത്താന്‍ തന്നെ ഇരു വീട്ടുകാരും തീരുമാനിച്ചു. പക്ഷേ, അവര്‍ക്ക് ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഈ വഴക്കിട്ട് പോക്ക് പതിവായപ്പോള്‍ വഹീദ തന്നെ ഉസ്മാനെ അറിയിച്ചു എത്രയും പെട്ടെന്ന് നാട്ടില്‍ വരണമെന്നും ചിലതൊക്കെ പറയാനുണ്ടെന്നും. തന്റെ മാതാപിതാക്കളുമായി പൊരുത്തപ്പെടാന്‍ കഴിയുന്നില്ലെങ്കില്‍ ഇനി അവളുടെ വീട്ടില്‍തന്നെ കുറച്ചുകാലം നില്‍ക്കട്ടെ എന്ന തീരുമാനത്തിലാണ് ഉസ്മാന്‍ നാട്ടിലെത്തിയത്. എന്നാല്‍, താന്‍ രണ്ടുമക്കളുടെ മാതാവാണെന്നുപോലും ഓര്‍ക്കാതെ ആ രഹസ്യം ഉസ്മാനോട് തുറന്നുപറഞ്ഞു. തനിക്ക് നാട്ടിലൊരു ഇഷ്ടക്കാരനുണ്ടെന്നായിരുന്നു അത്. പഠിക്കുന്ന കാലം മുതല്‍ തന്നെ അയല്‍വാസിയായ ഷുക്കൂറുമായി താന്‍ പ്രണയത്തിലാണെന്നും അയാളെ പിരിയാന്‍ കഴിയില്ലെന്നുമായിരുന്നു അത്. താന്‍ ഇടക്ക് വീട്ടിലേക്ക് പിണങ്ങിപ്പോകുന്നത് അയാളെ കാണാനും സംസാരിക്കാനും ഒക്കെയാണ്. തനിക്കും കാമുകനും വിവാഹം ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്നും വഹീദ ആവശ്യപ്പെട്ടു. ഉസ്മാന്‍ താനുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തുമ്പോള്‍ കാമുകന്‍ അയാളുടെ ഭാര്യയെ ഉപേക്ഷിക്കും അങ്ങനെ തനിക്കും കാമുകനും വിവാഹം ചെയ്യാനും ഒരുമിച്ച് ജീവിക്കാനും കഴിയുമെന്നും അവള്‍ ഉസ്മാനോട് വിശദീകരിച്ചു. തന്നെയും രണ്ട് പിഞ്ചുകുഞ്ഞുങ്ങളെയും പിന്തള്ളി കാമുകനൊപ്പം പോകാന്‍ നില്‍ക്കുന്ന ഭാര്യയെ അയാള്‍ തടഞ്ഞില്ല. പക്ഷേ, കാമുകന് തന്റെ ഭാര്യയെ ഉപേക്ഷിക്കാന്‍ കഴിഞ്ഞില്ല. ഭാര്യാവീട്ടുകാരുടെ പടപ്പുറപ്പാടുതന്നെയായിരുന്നു ഇതിനുകാരണം. എല്ലാവരാലും വെറുക്കപ്പെട്ട വഹീദയെ വീട്ടുകാരും ഉപേക്ഷിച്ചു. മക്കളെ കാണിക്കാന്‍പോലും വീട്ടുകാര്‍ പിന്നീട് തയാറായിട്ടില്ല.
ഡ്രൈവര്‍ക്കൊപ്പം 
ഒളിച്ചോടിയെത്തിയത് 
ചതിക്കുഴിയില്‍
ഭര്‍തൃമതിയായ കൊടുങ്ങല്ലൂരുകാരി റാബിയയ്ക്ക് തിരക്കോട് തിരക്കായിരുന്നു. രണ്ടുമക്കളുടെയും പഠിത്തകാര്യങ്ങള്‍ നോക്കണം ഭര്‍ത്താവിന്റെ മാതാപിതാക്കളെ ആശുപത്രിയില്‍ കൊണ്ടുപോകണം വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ പോകണം… തിരക്ക് കൂടിയപ്പോള്‍ റാബിയയുടെ പ്രവാസിഭര്‍ത്താവ് ഷെഫീക്കാണ് സ്ഥിരമായി ഒരു ടാക്‌സിക്കാരനെ കണ്ടെത്താന്‍ പറഞ്ഞത്. മാന്യനായ ടാക്‌സി ഡ്രൈവര്‍ ആദ്യം റാബിയയുടെ വിശ്വസ്ഥനായി മാറാന്‍ അധികമൊന്നും സംസാരിക്കുകപോലും ചെയ്തില്ല. പിന്നീട് എന്തിനും ഏതിനും റാബിയയുടെ സഹായി ആയി മാറുകയായിരുന്നു. വിളിച്ചുപറയുമ്പോള്‍ വീട്ടുസാധനങ്ങളുമായി ഡ്രൈവര്‍ മുരളി വീട്ടില്‍ എത്തിക്കഴിഞ്ഞു. റാബിയയുടെ കുടുംബം തകര്‍ക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് ആരും കരുതിയില്ല. മക്കള്‍ക്ക് കഥകള്‍ പറഞ്ഞും കളിപ്പാട്ടം വാങ്ങിക്കൊടുത്തുമൊക്കെ അയാള്‍ വീട്ടിനുള്ളിലേക്കു സ്ഥിരം പ്രവേശിച്ചുതുടങ്ങി. ഈ ഇടപെടല്‍ മുരളിയെയും റാബിയയെയും കൂടുതല്‍ അടുപ്പത്തിലാക്കി. വീട്ടിലെ ഇല്ലായ്മകള്‍ പറഞ്ഞു റാബിയയുടെ കൈയില്‍ നിന്ന് മുരളി പണം വാങ്ങാനും തുടങ്ങി. ആ ബന്ധം വളര്‍ന്നു വഷളാകുകയായിരുന്നു. ബാങ്കിലും കടയിലുമൊക്കെ പോകുന്നെന്ന് പറഞ്ഞ് റാബിയ പലയിടത്തും മുരളിക്കൊപ്പം കറങ്ങി നടന്നു. ഇരുവരുടെയും ഫോട്ടോകള്‍ മുരളിയുടെ മൊബൈലില്‍ ചതിക്കെണിയൊരുക്കുന്നത് റാബിയ അറിഞ്ഞില്ല. പിന്നെ ഫോട്ടോകാണിച്ചായി മുരളിയുടെ ഭീഷണി. തനിക്കൊപ്പം പോകാനും പണം കൈക്കലാക്കാനുമൊക്കെ ഈ ഫോട്ടോ മുരളി ഉപയോഗിച്ചുകൊണ്ടേയിരുന്നു. തന്റെ ഭര്‍ത്താവിനെയും മക്കളെയും വഞ്ചിച്ചുകൊണ്ടിരിക്കുന്നെന്ന തിരിച്ചറിവ് റാബിയയെ അലട്ടിക്കൊണ്ടിരുന്നു. മുരളി തീര്‍ത്ത ചതിക്കുഴിയില്‍ നിന്നും തനിക്ക് മോചനമുണ്ടാകില്ലെന്ന് മനസിലാക്കിയ റാബിയ ചെയ്തു കൂട്ടിയ കുറ്റങ്ങളൊക്കെ വിശദമായി ഭര്‍ത്താവിനെ എഴുതിയറിയിച്ച് ബെഡ്‌റൂമിലെ ഫാനില്‍ കെട്ടിത്തൂങ്ങുകയായിരുന്നു. 
ആസൂത്രിതമായി കുടുംബജീവിതം ഭദ്രമാക്കാന്‍ പരിശ്രമിക്കാത്ത ചുരുക്കം ചില വ്യക്തികളുടെ ഇടയിലാണ് ഇത്തരം ദുഃഖകരമായ സാഹചര്യങ്ങള്‍ ഉണ്ടാകുന്നത്. പരസ്പര വിശ്വാസത്തിന്റെ ആഴം മനസ്സിലാക്കിക്കൊടുക്കുന്നതിലും സ്‌നേഹം ആത്മാര്‍ഥമായി നല്‍കുന്നതിലും വിജയിക്കുന്ന പ്രവാസികുടുംബങ്ങള്‍ക്ക് സങ്കടപ്പെടേണ്ടിവന്നിട്ടില്ല. പ്രവാസി കുടുംബങ്ങളെ തെറ്റിദ്ധരിപ്പിക്കാനും വീഴ്ചകള്‍ പെരുപ്പിച്ച് കാണിക്കാനും തുനിഞ്ഞിറങ്ങിയ പലര്‍ക്കും സ്ത്രീകളുടെ കൈച്ചൂട് അറിയേണ്ടിവന്നത് ചരിത്രം. വലവിരിച്ച് കാത്തുനില്‍ക്കുന്ന കഴുകന്മാരെ കരുതിയിരിക്കാനുള്ള ആര്‍ജ്ജവം കാണിച്ചാല്‍ സമൂഹത്തില്‍ ഇത്തരം അനര്‍ഥങ്ങള്‍ ഉണ്ടാകില്ല.
ഇഷ്ടപ്പെട്ട പെണ്ണിനെ വിവാഹംചെയ്യാന്‍ മതം മാറ്റവും മറയാക്കുന്നവരുണ്ട്. ആവശ്യം കഴിയുമ്പോള്‍ പെണ്ണിനെയും മതവും ഉപേക്ഷിക്കുകയുംചെയ്യും. ഇത്തരക്കാരുടെ വാക്ക് വിശ്വസിച്ച് ഒളിച്ചോടുന്നവര്‍ എത്തിപ്പെടുന്നത് പലപ്പോഴും മരണക്കയത്തിലേക്കായിരിക്കും. അതേക്കുറിച്ച് നാളെ. 

ചാറ്റിങിലൂടെ ചീറ്റിങിലേക്ക് 



വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ വ്യാപകമായതോടെ കെണിയൊരുക്കാന്‍ അതും ഒരു മാര്‍ഗമായിരിക്കുകയാണ്. വിവിധ വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍നിന്ന് സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും മാത്രം നമ്പര്‍ തിരഞ്ഞുപടിച്ചാണ് ഇങ്ങനെ കെണിയൊരുക്കുന്നത്. ഈ നമ്പറുകളിലേക്ക് ആദ്യമാദ്യം നിര്‍ദോഷമായ തമാശകളും മറ്റും ചാറ്റ് വഴി അയക്കുകയും പ്രതികരിച്ചാല്‍ പിന്നീട് സൗഹൃദ സംഭാഷണങ്ങളിലേക്ക് കടക്കുകയുമാണ് പതിവ്. സൗഹൃദ സംഭാഷണങ്ങളുടെ സ്വഭാവം മാറുന്നതും അതിവേഗത്തിലാകും. പെണ്‍കുട്ടികളുടെ വാട്‌സ് ആപ്പ് നമ്പറുകളിലേക്ക് അശ്ലീല ദൃശ്യങ്ങളും കമന്റുകളും വിഡിയോകളും അയക്കുന്ന സംഘങ്ങളുമുണ്ട്. ഫേസ് ബുക്കിലൂടെ സൗഹൃദം സമ്പാദിച്ചും ഇത്തരം കെണിയൊരുക്കുന്നവര്‍ വര്‍ധിച്ചുവരികയാണ്. ആദ്യം മാന്യമായ ചാറ്റിങും മറ്റുമായി തുടങ്ങുന്നവര്‍ പിന്നെ ഒരു കൂടിക്കാഴ്ചയ്ക്കായിരിക്കും ക്ഷണിക്കുന്നത്. പിന്നെ ആ കൂടിക്കാഴ്ച പതിവ് നടപടിക്രമമാകും. 
വലവിരിച്ച് കാത്തിരിക്കുന്നയാള്‍ എന്ത് പറയുന്നു അതൊക്കെ അവള്‍ അപ്പാടെ വിശ്വസിക്കുകയും ചെയ്യും. ഫേസ്ബുക്കില്‍ ‘സുന്ദരന്റെ’ ഫോട്ടോ നല്‍കി ചങ്ങാത്തം കൂടുന്നവരും വിരളമല്ല. താന്‍ അതി സുമുഖനാണെന്ന് വിശ്വസിപ്പിക്കാനായിരിക്കും ഇപ്രകാരം ഫേസ് ബുക്കില്‍ പടം നല്‍കുന്നത്. എന്നാല്‍, നിരന്തരം ഫോണ്‍വിളിയും ചാറ്റിങുമൊക്കെ നടത്തിയതിനുശേഷമായിരിക്കും ഇവര്‍ പെണ്‍കുട്ടികളെ കാണുന്നത്. 
അപ്പഴേക്കും സൗന്ദര്യമൊന്നും ഒരു പ്രശ്‌നമല്ലാത്ത തരത്തില്‍ ആ ബന്ധം വളര്‍ന്ന് വലുതായിരിക്കും.പിന്നെ തനിക്ക് സൗന്ദര്യമില്ലാത്തതിനാലാണ് അങ്ങനെ സുഹൃത്തിന്റെ പടം നല്‍കിയതെന്നും ഇഷ്ടമില്ലെങ്കില്‍ നമുക്ക് ഇവിടെവച്ച് ബന്ധം അവസാനിപ്പിക്കാമെന്നുമൊക്കെ ഡയലോഗ് തട്ടിവിടും. ഇതോടെ പെണ്‍കുട്ടിക്ക് സഹതാപമായി. പിന്നെ ഒരുമിച്ച് ജീവിക്കാന്‍ ഒളിച്ചോടാന്‍വരെ അവള്‍ തയാറാകും. ഈ ഫേസ് ബുക്ക് വില്ലന്‍ ആരാണെന്ന് അറിയുന്നത് ചതിക്കുഴിയില്‍ എത്തുമ്പോള്‍ മാത്രമായിരിക്കും.
ഒളിച്ചുകടക്കുന്ന 
മൊബൈലുകള്‍
എറണാകുളത്തെ പെണ്‍കുട്ടികളുടെ പള്ളിക്കൂടത്തില്‍ അധ്യാപികമാര്‍ വിദ്യാര്‍ഥിനികളുടെ സ്‌കൂള്‍ ബാഗ് പരിശോധിച്ചപ്പോള്‍ പലതില്‍ നിന്നും ലഭിച്ചത് മൊബൈല്‍ ഫോണുകള്‍. വീട്ടുകാരെ വിളിപ്പിച്ച് ചോദിച്ചപ്പോള്‍ തങ്ങള്‍ മക്കള്‍ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുത്തിട്ടേയില്ല എന്ന നിലപാടില്‍ ഉറച്ചുനിന്നു. കുട്ടികളെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തുവന്നത്; യാത്രയില്‍ പരിചയപ്പെട്ട ‘ചില ചേട്ടന്മാര്‍’ നല്‍കിയതാണ്. രാത്രി വീട്ടുകാര്‍ ഉറങ്ങിക്കഴിഞ്ഞാല്‍ പിന്നെ ചാറ്റിങും മൊബൈല്‍ സംഭാഷണവുമാണ് പതിവ്. ഇത് മിക്കതും ഒളിച്ചോട്ടത്തില്‍ കലാശിക്കുകയും ചെയ്യും.
കരുതിയിരിക്കണം 
സര്‍വീസിങ് കേന്ദ്രങ്ങളെയും
വീട്ടിലും ഹോസ്റ്റലിലുമൊക്കെ പല സ്വകാര്യ രംഗങ്ങളും മൊബൈലില്‍ പകര്‍ത്തുക ഒരു ശീലമായി പടരുകയാണ്. പലപ്പോഴും തമാശക്കാണ് ഇത് ചെയ്യുന്നതും. പക്ഷേ, മൊബൈല്‍ കേടായി നന്നാക്കാന്‍ കൊടുക്കുമ്പോഴാണ് ഈ ദൃശ്യങ്ങള്‍ വില്ലനായി മാറുന്നത്. സര്‍വീസ് സെന്ററിലുള്ള പലരും ആദ്യം ചെയ്യുക മൊബൈലിലെ ദൃശ്യങ്ങള്‍ പകര്‍ത്തുക എന്നതാണ്. ഇതുവച്ച് ബ്ലാക്ക് മെയിലിങ് നടത്തുന്ന സംഭവങ്ങളുമുണ്ട്.

കോടതിമുറിയിലെ വിലാപങ്ങള്‍


 ഇക്കഴിഞ്ഞ ജൂലൈ അഞ്ച് കണ്ണൂര്‍ ജില്ലയിലെ കോടതി. ഇഷ്ടപ്പെട്ടയാള്‍ക്കൊപ്പം പോകാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ്, ദൈവം സാക്ഷിയായി സത്യം മാത്രമേ കോടതി മുമ്പാകെ ബോധിപ്പിക്കൂവെന്ന പ്രതിജ്ഞയെടുത്ത് ഷാമില കൂട്ടില്‍ കയറി നിന്നു. ഏകമകളെ താലോലിച്ചു വളര്‍ത്തിയ ബാപ്പയും മകള്‍ക്കു നിസാര പോറലേറ്റാല്‍പോലും ആകുലപ്പെടുന്ന ഉമ്മയും അവള്‍ തങ്ങള്‍ക്കൊപ്പം വരുമെന്ന പ്രതീക്ഷയില്‍ കോടതിക്കുള്ളില്‍ കാതു വട്ടംപിടിച്ചു നിലയുറപ്പിച്ചു. സോഷ്യല്‍ മീഡിയയിലൂടെയും മറ്റും വിവരമറിഞ്ഞു പെണ്‍കുട്ടി എങ്ങോട്ടു പോയാലും ആഘോഷിക്കത്തക്ക രീതിയില്‍ വന്‍ജനക്കൂട്ടം കോടതിപരിസരത്തു തമ്പടിച്ചു.
കോടതി ആരംഭിച്ചു. മജിസ്‌ട്രേറ്റ് ചോദ്യങ്ങള്‍ ചോദിച്ചുതുടങ്ങി. ആരു പറഞ്ഞിട്ടാണു കോടതിയിലെത്തിയത്? ഇപ്പോള്‍ താമസിക്കുന്നത് എവിടെയാണ്? ആരാണ് അവിടേക്കു കൂട്ടിക്കൊണ്ടുപോയത്? ബലമായി പിടിച്ചുകൊണ്ടുപോയതാണോ? ആരെങ്കിലും തടഞ്ഞുവച്ചിരുന്നോ? ആര്‍ക്കെങ്കിലുമെതിരേ പരാതിയുണ്ടോ? തുടങ്ങിയ ചോദ്യങ്ങള്‍ക്കു ഷാമില തങ്ങള്‍ക്കനുകൂലമായി ഉത്തരം പറഞ്ഞപ്പോള്‍ മാതാപിതാക്കളുടെ പ്രതീക്ഷ കൂടി. ഇനിയെന്തായാലും മകള്‍ തങ്ങളെ തള്ളിപ്പറയില്ല. ക്ഷീണിതയായ ഷാമില വിസ്താരത്തിനിടെ വീണുപോകുമെന്നു കരുതി അടുത്തുനില്‍ക്കാന്‍ പിതാവിനോടു കോടതി നിര്‍ദേശിച്ചു. 
മജിസ്‌ട്രേറ്റിന്റെ അടുത്ത ചോദ്യത്തിനുള്ള ഉത്തരം ആ കുടുംബത്തെ തകര്‍ത്തെറിയുന്നതായിരുന്നു. ഇപ്പോള്‍ ആരോടൊപ്പമാണു പോകുന്നതെന്നായിരുന്നു ചോദ്യം. ഈ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ഷാമില ആദ്യം വിസമ്മതിച്ചു. ആലോചിച്ച് ഉത്തരം പറഞ്ഞാല്‍ മതിയെന്നു പറഞ്ഞ് സാവകാശം അനുവദിച്ചു കോടതി തല്‍ക്കാലത്തേക്കു പിരിഞ്ഞു. അപ്പോഴും മാതാപിതാക്കള്‍ക്കു പ്രതീക്ഷ വര്‍ധിച്ചു. എന്നാല്‍, വീണ്ടും കോടതി കൂടിയപ്പോള്‍ ഷാമില തീര്‍ത്തുപറഞ്ഞു, തനിക്ക് അഭിജിത്തിനൊപ്പം പോകാനാണ് ഇഷ്ടമെന്ന്. അത് ആ ഉപ്പയ്ക്കും ഉമ്മയ്ക്കും താങ്ങാനാവാത്ത ആഘാതമായി.
സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരാകാന്‍ ജൂണ്‍ എട്ടിനു നല്‍കിയ അപേക്ഷ അഞ്ചരക്കണ്ടി സബ് രജിസ്ട്രാര്‍ ഓഫിസിലെ നോട്ടിസ് ബോര്‍ഡില്‍ പതിച്ചതോടെയാണു കണ്ണൂര്‍ സ്വദേശിനി ഷാമിലയും മാഹി പള്ളൂര്‍ സ്വദേശി അഭിജിത്തും തമ്മിലുള്ള ബന്ധം പുറംലോകമറിയുന്നതും കോടതി കയറുന്നതും. നാട്ടുകാരില്‍ ചിലരാണ് അധ്യാപകനായ പിതാവിനെയും ബന്ധുക്കളെയും വിവരമറിയിച്ചത്. പിതാവും മറ്റും ഷാമിലയ്ക്ക് ഒരുമാസത്തോളം വിദഗ്ധരായ മനഃശാസ്ത്രജ്ഞരുടെ നേതൃത്വത്തില്‍ കൗണ്‍സലിങ് നല്‍കി. മുതിര്‍ന്ന അഭിഭാഷകര്‍ ഉപദേശം നല്‍കി.
അതെല്ലാം മകള്‍ സ്വീകരിച്ചുവെന്ന ഉറപ്പില്‍ മാതാപിതാക്കള്‍ സമാധാനിച്ചിരിക്കുമ്പോഴാണു ഷാമിലയെ പിതാവ് തടഞ്ഞുവച്ചിരിക്കുന്നെന്നു അഭിജിത് കോടതിയില്‍ പരാതി നല്‍കുന്നത്. സെര്‍ച്ച് വാറണ്ടില്‍ ഷാമിലയെ വീട്ടില്‍ കണ്ടെത്താനായില്ല. അതോടെ പ്രൊഡക്ഷന്‍ വാറന്റായി. കൗണ്‍സലിങിലൂടെ മകളുടെ മനംമാറിയെന്നും അവള്‍ കോടതിയില്‍ തങ്ങളെ തള്ളിപ്പറയില്ലെന്നുമായിരുന്നു പിതാവിന്റെ പ്രതീക്ഷ. കോടതിയില്‍ പോകുന്നതിനുമുമ്പ് രാവിലെ ഖുര്‍ആന്‍ പാരായണം നടത്തുകയും നിസ്‌കരിക്കുകയും ചെയ്ത ഷാമിലയുടെ മനസ് ഇഷ്ടക്കാരനൊപ്പം പോകാന്‍ തീരുമാനിച്ചിരുന്നെന്നു സംശയിക്കാന്‍ അവര്‍ക്കാവില്ലല്ലോ. 
ഏകമകള്‍ തങ്ങളെ ഉപേക്ഷിച്ചുവെന്നു മനസ്സിലായപ്പോള്‍ കോടതിമുറിയാണെന്നുപോലും മറന്ന് ആ മാതാപിതാക്കള്‍ പൊട്ടിക്കരഞ്ഞുപോയി. പിതാവിന്റെ രോദനം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു. ഉത്തരം പറയാന്‍ മടിച്ച ഷാമിലയ്ക്കു സമയം നല്‍കിയതിനാലാണ് ‘അവനൊപ്പം’ പോകണമെന്നു പറഞ്ഞതെന്ന രീതിയില്‍ കോടതിക്കു നേരെയും വിമര്‍ശനം വൈറലായി.
പൊതുജനം അറിയാതെപോയ ഒരു വസ്തുതയുണ്ട്. കൗണ്‍സലിങിലും മറ്റും കാമുകനെ മറന്നെന്ന് ഉറപ്പുനല്‍കിയ ഷാമില തന്നെയാണ് തന്നെ രക്ഷിക്കണമെന്ന് അഭിജിത്തിനോട് ആവശ്യപ്പെട്ടത്. വീട്ടിലെ ആരുംകാണാതെ ബാത്ത്‌റൂമില്‍ കയറി ബന്ധുവിന്റെ ഫോണില്‍ അവള്‍ അഭിജിത്തിനു ഫോണ്‍ ചെയ്യുകയായിരുന്നു. ആരും അറിയാതിരിക്കാന്‍ പിന്നീട് ഫോണിലെ കാള്‍ ഡിറ്റെയില്‍സില്‍നിന്ന് ആ നമ്പര്‍ ഡിലിറ്റ് ചെയ്യുകയും ചെയ്തു.
കണ്ണൂര്‍ എസ്.എന്‍ കോളജില്‍ ബി.എസ്.സി ബോട്ടണി പഠനം പൂര്‍ത്തിയാക്കിയ ഷാമില ബിരുദാനന്തര ബിരുദത്തിനു ചേരാന്‍ തയാറെടുക്കുകയായിരുന്നു. മകള്‍ പഠനം പൂര്‍ത്തിയാക്കിയിട്ടു മതി വിവാഹമെന്ന തീരുമാനമായിരുന്നു മാതാപിതാക്കള്‍ക്കും. കോളജില്‍ പോകുന്ന വഴിയില്‍ ബസ്‌സ്‌റ്റോപ്പില്‍വച്ചാണ് കാര്‍ സര്‍വീസ് സ്റ്റേഷനില്‍ ജീവനക്കാരനായ അഭിജിത്തുമായി പ്രണയത്തിലാകുന്നത്. കോടതിയില്‍നിന്നു വൈദ്യപരിശോധനയ്ക്കു കൊണ്ടുപോയ ഷാമിലയെ കനത്ത പൊലിസ് അകമ്പടിയോടെയാണ് അഭിജിത്തിന്റെ വീട്ടിലെത്തിച്ചത്. 
ഏകമകള്‍ ഉപേക്ഷിച്ചുപോയതിന്റെ ഞെട്ടല്‍ മാറാതെ കഴിയുകയാണു ഷാമിലയുടെ കുടുംബം. നാട്ടുകാരെ അഭിമുഖീകരിക്കാനാവാതെ അവരിപ്പോള്‍ സ്വന്തംവീട്ടില്‍നിന്നു മാറി മറ്റൊരു സ്ഥലത്തെ കുടുംബവീട്ടിലാണു താമസം.

ഉമ്മയെ മരണത്തിലേക്കു തള്ളിവിട്ട പ്രണയം

എട്ടുവര്‍ഷം മുമ്പ് ആലപ്പുഴ കോടതിയിലാണതു നടന്നത്. വീട്ടിലെ ഡ്രൈവറായ റിയാസിനൊപ്പം പോകണമെന്നു ഹസീന കോടതിയെ ബോധിപ്പിച്ചപ്പോള്‍ ഉമ്മ ഹലീമ കുഴഞ്ഞുവീണു. റിയാസ് സ്വന്തം സമുദായക്കാരനാണെങ്കിലും ആ ബന്ധം ഉള്‍ക്കൊള്ളാന്‍ മാതാവിനു കഴിഞ്ഞില്ല. ഓമനിച്ചു വളര്‍ത്തിയ മകളെപ്പറ്റി അവര്‍ക്ക് ഏറെ സ്വപ്‌നങ്ങളുണ്ടായിരുന്നു. പണംമുടക്കി പ്രൊഫഷണല്‍ കോഴ്‌സില്‍ ചേര്‍ത്തതും ആ സ്വപ്‌നത്തിന്റെ ഭാഗമായിരുന്നു.
ഹസീനയെ കോളജിലേക്ക് കൊണ്ടുപോകുന്ന കാര്‍ഡ്രൈവര്‍ മകളെ തന്നില്‍നിന്ന് അടര്‍ത്തിയെടുക്കുമെന്ന് ആ മാതാവ് കരുതിയില്ല. ചെറുപ്പത്തിലേ ഭര്‍ത്താവു മരിച്ച ഹലീമ വീണ്ടും വിവാഹം കഴിക്കാതിരുന്നതു ഹസീനയെ പൊന്നുപോലെ വളര്‍ത്താനായിരുന്നു. എറണാകുളത്തെ സുഹൃത്തിന്റെ വീട്ടില്‍ പോകുന്നെന്നു പറഞ്ഞാണു ഹസീന റിയാസിനൊപ്പം പോയത്. അവര്‍ പോയത് ബംഗളൂരുവിലേക്കായിരുന്നു. 
മകള്‍ തിരിച്ചുവരുമെന്ന ഉറച്ച വിശ്വാസത്തിലാണു ഹലീമ കോടതിയെ സമീപിക്കുന്നത്. എന്നാല്‍, റിയാസിനൊപ്പം പോകണമെന്നാണവള്‍ കോടതിയില്‍ പറഞ്ഞത്. കോടതിയില്‍ കുഴഞ്ഞുവീണ ഉമ്മയെ ശ്രദ്ധിക്കാതെ ഹസീന നടന്നുപോയതു ദുരന്തങ്ങളെ വാരിപ്പുണരാനായിരുന്നു. വിവാഹം കഴിഞ്ഞ് ഏറെ താമസിയാതെ റിയാസ് മദ്യപാനം തുടങ്ങി. സുഖസൗകര്യങ്ങളില്‍ വളര്‍ന്ന തന്നെ പാഠംപഠിപ്പിക്കാനായിരുന്നു ഇയാള്‍ പ്രേമം നടിച്ചതെന്നു പിന്നീടാണ് ഹസീനയ്ക്കു മനസ്സിലായത്. റിയാസിന്റെ മാതാപിതാക്കളും അവന്റെ ദ്രോഹത്തിനു കൂട്ടുനിന്നു.
സാമ്പത്തികബുദ്ധിമുട്ടുമൂലം ബി.ടെക് പഠനം പൂര്‍ത്തിയാക്കാന്‍ ഹസീനയ്ക്കു കഴിഞ്ഞില്ല. ഹസീനയുടെ ആഭരണങ്ങള്‍ വിറ്റുകിട്ടിയ പണംകൊണ്ടു റിയാസ് മിനി ലോറി വാങ്ങി മത്സ്യംകൊണ്ടുപോകുന്ന പണി തുടങ്ങിയെങ്കിലും മദ്യപാനം കടുത്തസാമ്പത്തികപ്രതിസന്ധി സൃഷ്ടിച്ചു. കൈയില്‍ പണം ഇല്ലാതാകുമ്പോള്‍ ഹസീനയെ മര്‍ദിക്കാനും കുത്തുവാക്കു പറയാനും തുടങ്ങി. 
ഇതിനിടയില്‍ ഹസീന മൂന്നു കുട്ടികള്‍ക്കു ജന്മം നല്‍കി. മക്കളുടെ പഠിപ്പും ജീവിതച്ചെലവും താങ്ങാനാവാതെ മകള്‍ കഷ്ടപ്പെടുന്നതറിഞ്ഞ ഹലീമ എല്ലാം മറന്നു മകളെയും പേരക്കുട്ടികളെയും വീട്ടിലേക്കു കൂട്ടിക്കൊണ്ടുവരാന്‍ തീരുമാനിച്ചു.
റിയാസിന്റെ വീട്ടിലെത്തിയപ്പോള്‍ മകളെ ക്രൂരമായി മര്‍ദിക്കുന്ന കാഴ്ചയാണു കാണാനായത്. അതുകണ്ട് കോടതിയില്‍ അന്നു കുഴഞ്ഞുവീണതു പോലെ ഹലീമ വീണ്ടും കുഴഞ്ഞുവീണു. ആ വീഴ്ച മരണത്തിലേക്കായിരുന്നു. ഹസീന ഇന്നു മനോനില തെറ്റിയ നിലയില്‍ ജീവിതം തള്ളിനീക്കുകയാണ്.

അധ്യാപനം മുടക്കിയ ബന്ധം

കൊല്ലം ജില്ലയിലെ പ്രമുഖ സ്‌കൂളിലെ അധ്യാപികയ്ക്ക് ഒളിച്ചോട്ടത്തിലൂടെ നഷ്ടമായതു താന്‍ മോഹിച്ചുനേടിയ അധ്യാപനമെന്ന തൊഴില്‍ തന്നെയാണ്. തന്നെ ജീവനുതുല്യം സ്‌നേഹിക്കുന്ന ഭര്‍ത്താവ് ഷെഫീക്കിനെ ഉപേക്ഷിച്ചാണു സഹഅധ്യാപകനായ നിസാറുമായി സായിദ ഒളിച്ചോടിയത്. 
സമൂഹത്തില്‍ വളരെ മാന്യതയുള്ള കുടുംബമാണു ഷെഫീക്കിന്റേത്. സായിദയുടെ കുടുംബമഹിമയും ചെറുതല്ല. നിസാര്‍ മാഷുമായുള്ള അടുപ്പമാണ് താളം തെറ്റിച്ചത്. രാത്രികാല ജോലിക്കാരനായ ഭര്‍ത്താവ് വീട്ടില്‍ വരാതിരിക്കാനാണ് അധ്യാപിക ആദ്യം ശ്രദ്ധിച്ചത്. ഭര്‍ത്താവിന്റെ രാത്രിയിലെ ബൈക്ക് യാത്ര തനിക്കു പേടിയാണെന്നു സ്‌നേഹത്തോടെ ഭാര്യ പറഞ്ഞപ്പോള്‍ വീട്ടില്‍ പോകാതെ രാത്രികളില്‍ അയാള്‍ ഓഫീസില്‍ കഴിച്ചുകൂട്ടി.
എന്നാല്‍, സഹധ്യാപകന്‍ അവിടെയെത്തുന്നതായി സൂചനകളുണ്ടായി. 
നാട്ടുകാര്‍ ഇക്കാര്യം ഭര്‍ത്താവിനെ അറിയിച്ചതോടെ അയാള്‍ ഭാര്യയുമായി വഴക്കായി. എന്നാല്‍, തനിക്ക് ഭര്‍ത്താവിനെ വേണ്ടെന്നു പറഞ്ഞു കുട്ടിയുമായി സ്വന്തം വീട്ടിലേക്കുപോകുകയായിരുന്നു സായിദ. കുടുംബബന്ധത്തിന് അമിതപ്രാധാന്യം കല്‍പിച്ചിരുന്ന ഷഫീക്ക് ബന്ധുക്കളായ ഉന്നതരുമായി ബന്ധപ്പെട്ടു തനിക്കു ഭാര്യയും കുട്ടിയും വേണമെന്നും എല്ലാം മറക്കാന്‍ തയാറാണെന്നും പറഞ്ഞു. എന്നാല്‍, സ്‌കൂളില്‍ ഒപ്പമുള്ള ഇഷ്ടക്കാരനായ മാഷിനെ വിവാഹം കഴിക്കണമെന്ന വാശിയില്‍ സായിദ ഉറച്ചുനിന്നു. അതോടെ മനസില്ലാമനസോടെ വിവാഹബന്ധം വേര്‍പെടുത്താന്‍ അയാള്‍ സമ്മതിച്ചു. 
മകളെ വൃദ്ധമാതാപിതാക്കളെ ഏല്‍പിച്ചു മാഷും അധ്യാപികയും ഉല്ലാസയാത്രയാരംഭിച്ചു. എന്നാല്‍, ഏറെതാമസിയാതെ നിസാര്‍ അധ്യാപികയെ കൈയൊഴിഞ്ഞു. വീട്ടുകാരും തള്ളിപ്പറഞ്ഞു. കളിയാക്കലുകള്‍ക്ക് നടുവില്‍ സ്‌കൂളിലേക്കുപോകാനാവാതായി.

സംഘര്‍ഷം ഒഴിവാക്കാന്‍ സംഘടനകള്‍ ഇടപെടണം



ഒളിച്ചോട്ടങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ ചില സംഘര്‍ഷങ്ങളും ഉടലെടുക്കുകയാണ്. അരുതായ്മയ്‌ക്കെതിരേ രംഗത്തെത്തുന്നവരാണു സദാചാര പൊലിസായി മാറുന്നത്. ഇതാണു പലപ്പോഴും മര്‍ദനത്തിലേക്കും സംഘര്‍ഷത്തിലേക്കും തുടര്‍ന്നു മരണത്തിലേക്കുമൊക്കെ എത്തിച്ചേരുന്നത്. ഇവിടെയാണു വിവിധ കൂട്ടായ്മകളുടെയും സംഘടനകളുടെയും മതസംഘടനകളുടെയും പ്രാധാന്യവും. ഇത്തരം സംഘടിതശക്തികള്‍ക്ക് ഒരുപരിധിവരെ ഒളിച്ചോട്ടംപോലുള്ള സംഭവങ്ങള്‍ക്കു തടയിടാന്‍ സാധിക്കും. 
കുടുംബത്തില്‍നിന്നാണ് ആദ്യ തിരുത്തലുകള്‍ ഉണ്ടാകേണ്ടത്. തെറ്റും ശരിയും ഏതെന്നു വേര്‍തിരിക്കാന്‍ മാതാപിതാക്കള്‍ക്കു സാധിക്കണം. സംഘടനകള്‍ ചെയ്യേണ്ടതു സമൂഹത്തെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്ന ഇത്തരം വിപത്തിനെതിരേ മുന്നിട്ടിറങ്ങുകയെന്നതാണ്.
പേരിനൊരു ബോധവല്‍ക്കരണം നടത്തിയാല്‍ ഒളിച്ചോട്ടം എന്ന ദുരന്തത്തെ പിഴുതെറിയാന്‍ സാധിക്കുമെന്ന് ആരും കരുതേണ്ട. 
എങ്ങനെയാണു കുട്ടികളും മുതിര്‍ന്നവരുമൊക്കെ ഒളിച്ചോടുന്നതെന്ന പഠനത്തിനാണ് ആദ്യം തുടക്കം കുറിക്കേണ്ടത്. പഠനത്തിലെ കണ്ടെത്തലുകളില്‍ നിന്നുവേണം ഇതിന് പരിഹാരം കണ്ടെത്താനും. കുടുംബബന്ധങ്ങളുടെ പവിത്രതയെ പറ്റി മനസ്സിലാക്കാനും ഇഷ്ടക്കാരനൊപ്പം ഒളിച്ചോടിയാലുണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ച് അനുഭവങ്ങളിലൂടെ വ്യക്തമാക്കാനും സാധിക്കണം. വ്യക്തികളെ സ്വകാര്യമായി സമീപിച്ച് നടത്തുന്ന ബോധവല്‍ക്കരണം ഇത്തരം ബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ 
പിന്തിരിപ്പിക്കാന്‍ ഏറെ പ്രയോജനം ചെയ്യും.
മൊബൈല്‍ ഫോണും ഫേസ് ബുക്കും വാട്‌സ് ആപ്പും ഒക്കെ തീര്‍ക്കുന്ന ചതിക്കുഴികളെപ്പറ്റിയും ബോധവല്‍ക്കരണം ഉണ്ടാകണം. ആധുനിക ലോകത്ത് ഇതൊക്കെ അത്യന്താപേക്ഷിതമാണെങ്കിലും അതിന്റെ ഉപയോഗം എങ്ങനെ നിയന്ത്രിക്കണം എന്നതിനെപ്പറ്റിയും മാതാപിതാക്കളെ പറഞ്ഞുമനസ്സിലാക്കണം.ഒളിച്ചോടുന്നവര്‍ സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരാകാന്‍ രജിസ്റ്റര്‍ ഓഫിസുകളില്‍ എത്തുമ്പോള്‍ മുപ്പത് ദിവസം മുമ്പ് ഓഫിസുകളില്‍ നോട്ടിസ് പതിക്കാറുണ്ട്. ഇത്തരം നോട്ടിസുകളില്‍ കൂട്ടായ്മകളുടെയും സംഘടനകളുടെയും ഒക്കെ ശ്രദ്ധ പതിഞ്ഞാല്‍ ഇത്തരക്കാരെ കണ്ടെത്താനും ദുരന്തഫലങ്ങളെപ്പറ്റി ബോധവല്‍ക്കരിക്കാനും തിരികെ കൊണ്ടുവരാനും കഴിയും (ഇപ്രകാരം ബോധവല്‍ക്കരണത്തിലൂടെ നിരവധിപേര്‍ തീരുമാനത്തില്‍ നിന്ന് പിന്തിരിഞ്ഞിട്ടുണ്ട്).
കാലത്തിനൊത്ത് ചട്ടങ്ങളിലും മാറ്റമുണ്ടാകണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അതായത് തിരിച്ചറിയല്‍ രേഖയുണ്ടെങ്കില്‍ പ്രായപൂര്‍ത്തിയായ സ്ത്രീക്കും പുരുഷനും സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം എവിടെയും വിവാഹിതരാകാം. പക്ഷേ ഇതിന് സ്ത്രീയുടെയോ പുരുഷന്റെയോ വീടിനുസമീപത്തുള്ള രജിസ്റ്റര്‍ ഓഫിസിലെന്നോ മറ്റോ നിബന്ധന വച്ചിട്ടില്ല. 
ഇത് പലപ്പോഴും ഒളിച്ചോട്ടക്കാര്‍ക്ക് സഹായകമാകുന്നതാണ്. തന്റെ വീടിന്റെ ചുറ്റുവട്ടത്തുള്ള ഓഫിസാണെങ്കില്‍ വിവാഹ അറിയിപ്പ് നോട്ടിസില്‍ പതിക്കുന്നതോടെ നാട്ടില്‍ അറിയുകയും ബന്ധുക്കളിലേക്ക് വിവരമെത്തുകയും ചെയ്യും.ഒളിച്ചോട്ടവും അതുമൂലമുണ്ടാകുന്ന ദുരന്തങ്ങളും സാമൂഹിക ദുരവസ്ഥയുമൊക്കെ തുടച്ചുനീക്കണമെങ്കില്‍ ജാതി- മത -രാഷ്ട്രീയ-സാമ്പത്തിക വ്യത്യാസമില്ലാതെ എല്ലാവരും കണ്ണും കാതും തുറന്നിരിക്കുകതന്നെ വേണം.

കടപ്പാട് 
 ഫൈസല്‍ കോങ്ങാട്, എം.പി. മുജീബ് റഹ്മാന്‍, ശഫീഖ് പന്നൂര്‍, ഇസ്മാഈല്‍ അരിമ്പ്ര. സുനി അല്‍ഹാദി

"സുപ്ര ഭാതം" ദിനപത്രത്തില്‍   2017 ജൂലൈ 21 മുതല്‍ വന്നത്.